ഷാർജ: ഗസ്സ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായമായി മൂന്നു കോടി ദിർഹം നൽകാൻ ഷാർജ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ചെയർപേഴ്സനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പത്നിയുമായ ശൈഖ ജവാഹിർ ബിൻത് മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു. ഭക്ഷണവും വെള്ളവുമടക്കം അവശ്യവസ്തുക്കൾ പോലുമില്ലാതെ പ്രയാസപ്പെടുന്ന ഗസ്സ നിവാസികൾക്ക് സഹായമെത്തിക്കേണ്ടത് അനിവാര്യമായ പശ്ചാത്തലത്തിലാണ് ബിഗ് ഹാർട്ട് ഫൗണ്ടേഷനോട് ധനസഹായം നൽകാൻ നിർദേശിച്ചിട്ടുള്ളത്.
ഫലസ്തീൻ സഹോദരങ്ങൾക്ക് സഹായവും പിന്തുണയും നൽകേണ്ടത് യു.എ.ഇയും ഷാർജയും വർഷങ്ങളായി അനുവർത്തിച്ചുവരുന്ന മൂല്യങ്ങളുടെ ഭാഗമാണെന്ന് ശൈഖ ജവാഹിർ ബിൻത് മുഹമ്മദ് പറഞ്ഞു. ഫലസ്തീനുള്ള പിന്തുണയും മാനുഷിക സഹായവും ഷാർജ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ തുടക്കം മുതൽ ചെയ്തുവരുന്നതാണ്. 2009ൽ ‘സലാം യാ സിഗാർ’ എന്ന പേരിൽ ആരംഭിച്ച ഫലസ്തീൻ ഫണ്ട് കാമ്പയിൻ ഇതിലുൾപ്പെടും.
നിലവിൽ ഫലസ്തീൻ ജനത അനുഭവിക്കുന്ന ദുരിതം തുടരാൻ അനുവദിക്കരുത്. ഏതെല്ലാം രീതിയിൽ സഹായമെത്തിക്കാൻ സാധിക്കുമോ അതിന് എല്ലാവരും സന്നദ്ധമാകണം. രാജ്യത്തെ പൗരന്മാരും താമസക്കാരും അടക്കം എല്ലാ വ്യക്തികളും സ്ഥാപനങ്ങളും സാധ്യമാകുന്ന നിലയിൽ ഈ ദൗത്യത്തിൽ പങ്കാളികളാകണം -അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.