ദുബൈ: ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്യുന്നതിന് യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ട് യു.എ.ഇ. രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ബ്രസീലിനോടാണ് യു.എൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മാർട്ടിൻ ഗ്രിഫിത്ത്, ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസി തലവൻ ഫിലിപ് ലസാറിനി എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ആവശ്യപ്പെട്ടത്. ഇസ്രായേൽ ഗസ്സയിൽ ആക്രമണം ആരംഭിച്ചശേഷം പലതവണ മാനുഷിക സാഹചര്യം സംബന്ധിച്ച് യു.എൻ ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഇതുകൂടി പരിഗണിച്ചാണ് രക്ഷാസമിതിയിൽ ഇവരുടെ സാന്നിധ്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രായേൽ കരയാക്രമണം തുടങ്ങിയ സാഹചര്യത്തിൽ യു.എ.ഇയുടെ അപേക്ഷ സ്വീകരിച്ച് ഉടൻ യോഗം പ്രതീക്ഷിക്കുന്നതായി യു.എന്നിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15 അംഗ യു.എൻ രക്ഷാസമിതിയിൽ 2022-23 വർഷത്തെ താൽക്കാലിക അംഗത്വ പദവിയാണ് യു.എ.ഇക്കുള്ളത്.
അതിനിടെ, ഇസ്രായേലിന്‍റെ കരയാക്രമണത്തെ അപലപിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. സിവിലിയന്മാരുടെ സുരക്ഷ പരിഗണിച്ച് അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങളും സന്ധികളും പ്രകാരം മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. യു.എൻ ജനറൽ അസംബ്ലിയിൽ വെള്ളിയാഴ്ച പാസാക്കിയ, ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയത്തെയും മറ്റ് അറബ് രാജ്യങ്ങളോടൊപ്പം യു.എ.ഇ ശക്തമായി പിന്തുണച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.