ദുബൈ: അതിഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള അധികൃതരുടെ ആഹ്വാനം കേട്ട് ഒഴുകിയെത്തിയത് നിരവധിപേർ. ദുബൈ, ഷാർജ, അബൂദബി എന്നിവിടങ്ങളിൽ ഞായറാഴ്ച നടന്ന സഹായവസ്തുക്കളുടെ പാക്കിങ്ങിനാണ് സന്നദ്ധസേവകരായി നിരവധിപേർ എത്തിയത്. അവശ്യസാധനങ്ങളടങ്ങിയ 15,000 കിറ്റുകളാണ് ക്യാമ്പുകളിൽ തയാറാക്കിയത്. ഇവ ഈജിപ്ത് വഴി ദുരന്തബാധിതർക്ക് അടുത്ത ആഴ്ചയിൽ എത്തിക്കും. ‘തറാഹും-ഫോർ ഗസ്സ’ എന്ന പേരിൽ യു.എ.ഇ പ്രഖ്യാപിച്ച ഗസ്സ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായാണ് പാക്കിങ് ക്യാമ്പുകൾ ഒരുക്കിയത്.
മൂന്നാമത്തെ ആഴ്ചയാണ് സമാനമായ രീതിയിൽ ക്യാമ്പുകൾ നടക്കുന്നത്. അബൂദബിയിൽ യാസ് ഐലൻഡ് ഇത്തിഹാദ് അരേനയിലും ദുബൈയിൽ ഫെസ്റ്റിവൽ അരേന സിറ്റിയിലെ ഫെസ്റ്റിവൽ അരേനയിലും ഷാർജയിൽ അൽ ബൈത് മിതവഹിദ് ഹാളിലുമാണ് ഞായറാഴ്ച പരിപാടികൾ നടന്നത്. രാവിലെ ഒമ്പതുമുതൽ ആരംഭിച്ച സേവനയജ്ഞത്തിൽ പ്രമുഖരും പങ്കുകൊണ്ടു. ഷാർജയിൽ നടന്ന ക്യാമ്പിൽ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയും പങ്കെടുത്തു. കഴിഞ്ഞ ആഴ്ചകളിലും നൂറുക്കണക്കിന് സന്നദ്ധ സേവകരാണ് പരിപാടികളുടെ ഭാഗമായത്.
മൂന്ന് എമിറേറ്റുകളിലായി നടന്ന ഏഴ് ക്യാമ്പുകളിൽ നിന്ന് നിലവിൽ തയാറാക്കിയ കിറ്റുകളുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഭക്ഷ്യ വിഭവങ്ങൾ, കുട്ടികൾക്കും മാതാക്കൾക്കും ആവശ്യമുള്ള വസ്തുക്കൾ, മറ്റു അവശ്യവസ്തുക്കൾ എന്നിവയാണ് സഹായ വസ്തുക്കളായി പ്രധാനമായും സ്വീകരിക്കുന്നത്. ഗസ്സയിലേക്ക് സഹായ വസ്തുക്കൾ ശേഖരിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേന്ദ്രങ്ങൾ തുറന്നിരുന്നു.
എമിറേറ്റ്സ് റെഡ് ക്രസൻറാണ് സഹായവസ്തുക്കൾ ശേഖരിച്ച് ദുരിതമനുഭവിക്കുന്നവർക്ക് എത്തിക്കാൻ സംവിധാനം ഒരുക്കിയത്. അബൂദബി, ദുബൈ, റാസൽഖൈമ, ഷാർജ, ഫുജൈറ, അൽ ദഫ്റ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, അൽഐൻ തുടങ്ങി വിവിധ സ്ഥലങ്ങളിലായാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
ഒക്ടോബർ 15ന് പ്രഖ്യാപിച്ച ‘തറാഹും -ഫോർ ഗസ്സ’ എന്ന കാമ്പയിനിന്റെ ആദ്യഘട്ടത്തിൽ തയാറാക്കിയ കിറ്റുകൾ ഇതിനകം ഈജിപ്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഗസ്സയിലേക്ക് ട്രക്കുകൾ നിയന്ത്രിതമായി മാത്രം കടന്നുപോകുന്ന സാഹചര്യത്തിൽ സഹായ വസ്തുക്കൾ വളരെ കുറച്ചുമാത്രമാണ് അതിർത്തി കടന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.