ദുബൈ: ആറ് ജി.സി.സി രാജ്യങ്ങളും സന്ദർശിക്കാൻ അവസരം നൽകുന്ന ഏകീകൃത ടൂറിസ്റ്റ് വിസ രണ്ടുവർഷത്തിനകം യാഥാർഥ്യമാവുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറി പറഞ്ഞു. ഇതിനായുള്ള പ്രത്യേക നിയമനിർമാണം പുരോഗമിക്കുകയാണ്. യു.എ.ഇ ഔദ്യോഗിക വാർത്ത ഏജൻസിയായ വാമിന് നൽകിയ അഭിമുഖത്തിലാണ് 2024നും 2025 നുമിടക്ക് ഏകീകൃത ജി.സി.സി സന്ദർശക വിസ നിലവിൽവരുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ഷെങ്കൻ വിസ മാതൃകയിൽ ഏകീകൃത വിസ എന്നത് ഒമാനിൽ നടന്ന ജി.സി.സി ടൂറിസം മന്ത്രിമാരുടെ യോഗം ഐകകണ്ഠ്യേന അംഗീകരിച്ചതാണ്. ആറ് ഗൾഫ് രാജ്യങ്ങളും ഒരു വിസയിൽ സന്ദർശിക്കാൻ കഴിയുന്ന വിധം ഓരോ രാജ്യത്തിന്റെ ആഭ്യന്തര സംവിധാനങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. അതോടൊപ്പം ഇതിന്റെ ചട്ടങ്ങളും നിയമനിർമാണവും പൂർത്തിയാകണം. ജി.സി.സി ഏകീകൃത ടൂറിസ്റ്റ് വിസ നിലവിൽ വരുന്നതോടെ യു.എ ഇയിലേക്കുണ്ടാകാൻ സാധ്യതയുള്ള സഞ്ചാരികളുടെ ഒഴുക്ക് മുൻകൂട്ടി കണ്ട് വിവിധ പദ്ധതികൾ തയാറാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഏഴ് യു.എ.ഇ എമിറേറ്റുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് റൂട്ട് എമിറ്റേറ്സ് ടൂറിസം കൗൺസിൽ വികസിപ്പിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ 837 ടൂറിസ്റ്റ് കേന്ദ്രങ്ങളുണ്ട്. അതിൽ 399 എണ്ണം യു.എ.ഇയിലാണ്. ഗൾഫ് രാജ്യങ്ങൾ സംഘടിപ്പിക്കുന്ന 224 ടൂറിസം പരിപാടികളിൽ 73 എണ്ണം നടക്കുന്നതും യു.എ.ഇയിലാണ്.ടൂറിസത്തിൽനിന്നുള്ള ജി.സി.സി രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനം വർഷം ഏഴ് ശതമാനം ഉയർത്താൻ കൂടി ഏകീകൃത ടൂറിസം വിസ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.