ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ഇബ്നു ബത്തൂത്ത മാളിൽ ‘നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്’ എന്ന തലക്കെട്ടിൽ കാമ്പയിൻ ആരംഭിച്ചു. ദുബൈയിലെ വിവിധ വിസ സേവനങ്ങളും മറ്റ് നടപടിക്രമങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. എല്ലാ മാസവും എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ ഡിപ്പാർട്മെന്റ് പ്രത്യേക പ്ലാറ്റ്ഫോം സ്ഥാപിച്ചു തങ്ങളുടെ സേവനങ്ങൾ പരിചയപ്പെടുത്താറുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇബ്നു ബത്തൂത്ത മാളിലെ ബോധവത്കരണം. രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ നടക്കുന്ന ഈ പരിപാടി ഞായറാഴ്ച സമാപിക്കും.
ദുബൈയിലെ വിസ പ്രോസസിങ്, എക്സിറ്റ് പെർമിറ്റുകൾ, ഗോൾഡൻ റസിഡൻസി, എൻട്രി പെർമിറ്റുകൾ എന്നിവയുൾപ്പെടെ വിവിധ സേവനങ്ങളുടെ നടപടിക്രമങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നുണ്ട്. മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ് എന്നിവയിലൂടെ ജി.ഡി.ആർ.എഫ്.എയുടെ സ്മാർട്ട് സേവനങ്ങളും കാമ്പയിനിൽ പ്രദർശിപ്പിക്കുന്നുണ്ട്. കൂടാതെ, ഗോൾഡൻ റസിഡൻസിയുടെയും സ്മാർട്ട് ഗേറ്റ് സേവനങ്ങളുടെയും നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ പൗരന്മാർക്കുള്ള പ്രത്യേക വിസകളെക്കുറിച്ചുള്ള അറിവും പരിചയപ്പെടുത്തുന്നുണ്ട്.
പൊതുജനങ്ങൾക്ക് ഞങ്ങളുടെ സേവനങ്ങളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ബോധവത്കരണ കാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ഇബ്നു ബത്തൂത്ത മാളിൽ എത്തുന്ന സന്ദർശകരെ ഈ കാമ്പയിന്റെ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.