ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന കുട്ടികൾക്ക് ദുബൈ ഭരണാധികാരിയുടെ പുസ്തകം സമ്മാനമായി നൽകുന്ന സംരംഭത്തിന് തുടക്കം കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ‘ദി ജേർണി ഓഫ് ദി ഡസർട്ട് ടു ദി സ്റ്റാർസ്’ എന്ന പുസ്തകത്തിന്റെ പകർപ്പുകളാണ് ദുബൈയിൽ വരുന്ന കുട്ടികൾക്ക് സമ്മാനിക്കുക.
സംരംഭത്തിന്റെ ഉദ്ഘാടനം കുട്ടികൾക്ക് പുസ്തകം സമ്മാനിച്ച് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി നിർവഹിച്ചു. ദുബൈ എമിറേറ്റിൽ ശൈഖ് മുഹമ്മദ് അധികാരമേറ്റതിന്റെ 18ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ഉദ്യമത്തിന് തുടക്കം കുറിച്ചത്.
അറബിക്, ഇംഗ്ലീഷ് ഭാഷകളിലെ പുസ്തകമാണ് കുട്ടികൾക്ക് നൽകുക. ദുബൈ വിമാനത്താവളങ്ങൾ വഴി എത്തുന്ന കുട്ടികളുമായി ആശയവിനിമയം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
‘ദുബൈയുടെ തനതായ ചരിത്രം വായിക്കാനും ശ്രദ്ധിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനുള്ള രക്ഷിതാക്കൾക്കുള്ള സന്ദേശമായാണ് പുസ്തക വിതരണം. എമിറേറ്റ് സാക്ഷ്യംവഹിച്ച വികസനത്തെ പരിചയപ്പെടുത്തുന്നതിനൊപ്പം അവരെ പ്രചോദിപ്പിക്കാനും പുതുമയുള്ളവരാകാനും കഴിയുന്ന തരത്തിൽ വിദ്യാഭ്യാസപരമായ സന്ദേശം നൽകാനാണ് ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.