ദുബൈ: എമിറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ആരംഭിച്ച വിഡിയോ കോൾ സംവിധാനം രണ്ട് മാസത്തിനിടെ ഉപയോഗിച്ചത് രണ്ടര ലക്ഷംപേർ. വിഷ്വൽ കമ്യൂണിക്കേഷൻ സർവിസസ് എന്ന പേരിലുള്ള സേവനം വഴി എമിഗ്രേഷൻ ഓഫിസുകൾ സന്ദർശിക്കാതെ ഉദ്യോഗസ്ഥരുമായി വിഡിയോ കോളുകളിലൂടെ ബന്ധപ്പെടാനും വിസ പ്രശ്നങ്ങൾ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കാനും സഹായിക്കുന്നതാണ്.
വേഗത്തിലും സൗകര്യപ്രദവുമായ രീതിയിൽ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ വിഡിയോ കോളിങ് സേവനം വഴി സാധിച്ചതായി ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ജി.ഡി.ആർ.എഫ്.എ വെബ്സൈറ്റിലാണ് വിഡിയോ കോൾ ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
പേര്, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്പോർട്ട് വിവരങ്ങൾ എന്നിവ നൽകണം. തുടർന്ന് ഏത് സേവനമാണ് വേണ്ടതെന്ന് വ്യക്തമാക്കിയാൽ, ഉപഭോക്താക്കൾക്ക് വിഡിയോ വഴി ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ കഴിയുന്നതാണ് സംവിധാനം. വിഡിയോ കോൾ ഇപ്പോൾ വകുപ്പിന്റെ ഓഫിസ് സമയത്തിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഭാവിയിൽ 24 മണിക്കൂറും ലഭ്യമാക്കാനുള്ള പദ്ധതിയുണ്ട്. വിഡിയോ കോൾ സേവനം വിവിധ അപേക്ഷകളുടെ മേൽ പരിഹാരം കാണുവാനുള്ളതാണ്. വിസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും 8005111 എന്ന ടോൾഫ്രീ നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.