അബൂദബി: ഏഴുമാസം പ്രായമായ ഇമാറാത്തി ഇരട്ടകളുടെ ഗുരുതര ജനിതകവൈകല്യം ചികിത്സിക്കുന്നതിന് അബൂദബി ബുർജീൽ ആശുപത്രിയിൽ ജീൻ മാറ്റിവെക്കൽ ചികിത്സ വിജയകരമായി പൂർത്തിയാക്കി. സ്പൈനൽ മസ്കുലർ അട്രോഫി -ടൈപ്പ് 1 (എസ്.എം.എ 1) എന്ന അപൂർവവും വിനാശകരവുമായ മോണോജെനറ്റിക് ന്യൂറോ മസ്കുലർ (വെർഡ്നിങ് ഹോഫ്മാൻ) എന്ന രോഗവുമായാണ് ജനിച്ചത്. അപൂർണമായ മോട്ടോർ ന്യൂറോൺ ജീൻ മൂലമാണ് ശരീരത്തിലെ പേശികളെ ഗുരുതരമായി ബാധിക്കുന്ന രോഗത്തിനുകാരണം.
മോട്ടോർ ന്യൂറോണുകളുടെ ദ്രുതഗതിയിലുള്ള നഷ്ടം മൂലം ശ്വസനം, വിഴുങ്ങൽ, അടിസ്ഥാന ചലനം എന്നിവയുൾപ്പെടെ പേശികളുടെയും എല്ലാ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കും. കാലക്രമേണ പേശികളുടെ ബലഹീനതക്കും പക്ഷാഘാതത്തിനും ഇടയാക്കാവുന്ന മാരക രോഗത്തിന് വിദഗ്ധ ചികിത്സ നൽകിയില്ലെങ്കിൽ മരണംവരെ സംഭവിക്കാം. അബൂദബി ബുർജീൽ ആശുപത്രിയിലെ കൺസൽട്ടൻറ് പീഡിയാട്രീഷ്യനും ചൈൽഡ് ന്യൂറോളജിസ്റ്റുമായ ഡോ. ഹുസൈൻ മാത്ലിക്കിെൻറ നേതൃത്വത്തിലാണ് ചികിത്സിച്ചത്. രോഗലക്ഷണങ്ങൾ ആദ്യ ആറുമാസങ്ങളിൽ തന്നെ പ്രകടമായിരുന്നു.
വിദഗ്ധ ചികിത്സ നൽകിയില്ലെങ്കിൽ രോഗം മരണത്തിലേക്കെത്തിക്കാവുന്നതും 90 ശതമാനം കേസുകളിലും രണ്ട് വയസ്സാകുമ്പോഴേക്കും സ്ഥിരമായി വെൻറിലേഷനുള്ളിൽ കഴിയേണ്ട അവസ്ഥയിലേക്കും നയിച്ചേക്കാം. പ്രാഥമിക പരിശോധനയിൽ കുഞ്ഞുങ്ങൾ ദുർബലരാണെന്നും പേശികൾ ദുർബലമാണെന്നും കണ്ടെത്തി. ജനിതക പരിശോധന നടത്തിയപ്പോഴാണ് സ്പൈനൽ മസ്കുലർ അട്രോഫി രോഗനിർണയം രണ്ട് കുഞ്ഞുങ്ങളിലും പോസിറ്റിവ് ആയി കണ്ടെത്തിയതെന്നും ഡോ. മാത്ലിക് പറഞ്ഞു.
ജീൻ മാറ്റിവെക്കൽ ചികിത്സ എത്രയും വേഗം നടത്തുന്നതിന് ബുർജീൽ ഹോസ്പിറ്റൽ എല്ലാ ക്രമീകരണങ്ങളും ചെയ്തു. ലഭ്യമായ േഡറ്റയെ അടിസ്ഥാനമാക്കി ഈ ചികിത്സയുടെ വിജയത്തെക്കുറിച്ച് ഉറപ്പുണ്ടെന്നും ആശുപത്രിയെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു നേട്ടമാണെന്നും വി.പി.എസ് ഹെൽത്ത് കെയർ ഗ്രൂപ്പിലെ ബുർജീൽ ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. തങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് ഇരട്ടകളുടെ മാതാപിതാക്കളായ റാഷിദ് അൽ ഹുൈസനിയും മോനാ അലിയും പറഞ്ഞു.
വളരെ വേഗത്തിൽ കുട്ടികൾക്ക് രോഗനിർണയം നടത്തിയതിനും ജീവൻ രക്ഷിക്കുന്നതിന് ജീൻ തെറപ്പി വാഗ്ദാനം ചെയ്തതിനും ഡോ. മാത്ലിക്കിനോടും ബുർജീൽ ഹോസ്പിറ്റലിലെ ആരോഗ്യ വിദഗ്ധരോടും നന്ദിയുള്ളവരാണെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.