ദുബൈയിൽ സൗജന്യമായി ഡ്രൈവിങ്​ ലൈസൻസ് സ്വന്തമാക്കാം

ദുബൈ: ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യമായി ഡ്രൈവിങ്​ ലൈസൻസ് സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. കുറഞ്ഞ വരുമാനക്കാരായ 25ഓളം പേർക്കാണ് തീർത്തും സൗജന്യമായി ഡ്രൈവിങ്​ ലൈസൻസ് അനുവദിക്കാനുള്ള പദ്ധതിയൊരുങ്ങുന്നത്. എമിറേറ്റ്സ് ഡ്രൈവിങ്​ ഇൻസ്​റ്റിറ്റ്യൂട്ടും ബൈത്ത് അൽ ഖൈർ സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി.

വിവിധ കമ്യൂണിറ്റി അംഗങ്ങളോടുള്ള ആർ.ടി.എയുടെ ഉത്തരവാദിത്തത്തി​െൻറ ഭാഗമായി ആർ.ടി.എ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ തുടരുന്ന പദ്ധതിയിൽ രണ്ടു ഡസനോളം കുറഞ്ഞ വരുമാനക്കാരായ താമസക്കാർക്ക് സൗജന്യ ഡ്രൈവിങ്​ ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ഇതുസംബന്ധിച്ച് നേരത്തേ ആർ.‌ടി.‌എ ഫൗണ്ടേഷൻ എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്​റ്റിറ്റ്യൂട്ടുമായി കരാറിൽ ഒപ്പുവെച്ചിരുന്നു. എല്ലാ ദേശീയതകളിലെയും സ്ഥിരവരുമാന വിഭാഗങ്ങളിൽ നിന്നുള്ള ചില വ്യക്തികൾക്ക് ചെലവുരഹിത ഡ്രൈവിങ്​ ലൈസൻസുകൾ അനുവദിക്കണമെന്നാണ് കരാർ ആവശ്യപ്പെടുന്നു. ഫയൽ ഓപൺ ചെയ്യുന്നത് മുതൽ ഫൈനൽ ടെസ്​റ്റും ലൈസൻസ് അനുവദിക്കുന്ന ഘട്ടവുമുൾപ്പെടെ അപേക്ഷകർക്ക് ഒരു പണച്ചെലവുമില്ലാതെ ലൈസൻസ് നൽകുകയാണ് ലക്ഷ്യം.

ഒരുഘട്ടത്തിലും ഫീസ്​ ഇൗടാക്കാതെ കുറഞ്ഞ വരുമാനക്കാർക്ക് ലൈസൻസ് ഉറപ്പുവരുത്തുകയാണ് പദ്ധതി. ലൈസൻസ് ലഭിക്കുന്നതോടെ മികച്ച അവസരങ്ങളും അതുവഴി ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുകയാണ് ലക്ഷ്യമെന്ന് ആർ.ടി.എ ഫൗണ്ടേഷൻ ഉന്നത സമിതി ചെയർമാനും ദുബൈ ടാക്സി കോർപറേഷൻ സി.ഇ.ഒയുമായ ഡോ. യൂസഫ് അൽ അലി പറഞ്ഞു. ആർ‌.ടി‌.എ ചാരിറ്റി ഫൗണ്ടേഷ​െൻറ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് എമിറേറ്റ്സ് ഡ്രൈവിങ്​ ഇൻസ്​റ്റിറ്റ്യൂട്ടും ബൈത്ത് അൽ ഖൈർ സൊസൈറ്റിയും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. മാനുഷിക സംരംഭങ്ങളെ വൈവിധ്യവത്കരിക്കാനും അവരുടെ ഭാരം ലഘൂകരിക്കാൻ യോഗ്യമായ വിഭാഗങ്ങൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിടുന്ന ഫൗണ്ടേഷനെ പിന്തുണക്കുന്നതിലും ഇവർ വഹിച്ച പങ്ക് വലുതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക വ്യക്തികൾക്കും സമൂഹത്തിലെ അടിസ്ഥാന വരുമാനക്കാർക്കുമായി ചാരിറ്റബ്​ൾ സേവനങ്ങൾ നൽകുന്നതിനായി ആരംഭിച്ച ആർ.ടി.എ ഫൗണ്ടേഷ​െൻറ ഭാഗമാകാൻ കഴിഞ്ഞതിൽ എമിറേറ്റ്സ് ഡ്രൈവിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിന് ചാരിതാർഥ്യമുണ്ട്. ഞങ്ങളുടെ പ്രതിജ്ഞാബദ്ധത പുതുക്കുകയാണെന്നും എമിറേറ്റ്സ് ഡ്രൈവിങ്​ ഇൻസ്​റ്റിറ്റ്യൂട്ട് ഗ്രൂപ് ചെയർമാനും ബെൽഹാസ ഗ്രൂപ് വൈസ് ചെയർമാനുമായ അമീർ അഹമ്മദ് ബെൽഹാസ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.