ദുബൈ ജബൽ അലി ഏരിയ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കാണ് ആരോഗ്യ സുരക്ഷ വസ്തുക്കൾ അടങ്ങിയ സമ്മാനങ്ങൾ വിതരണം ചെയ്തത്
ദുബൈ: ദുബൈയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് സമ്മാനങ്ങൾ കൈമാറി ദുബൈയിലെ തൊഴിൽകാര്യ സ്ഥിരം സമിതി പെരുന്നാൾ സന്തോഷം പങ്കുവെച്ചു. കോവിഡ് പ്രതിരോധ- സുരക്ഷ വസ്തുക്കൾ അടങ്ങിയ പ്രത്യേക ബോക്സുകളാണ് ഇത്തവണ പെരുന്നാൾ സമ്മാനമായി വകുപ്പ് തൊഴിലാളികൾക്ക് സമ്മാനിച്ചത്. ദുബൈ ജബൽ അലി ഏരിയ ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കാണ് ആരോഗ്യ സുരക്ഷ വസ്തുക്കൾ അടങ്ങിയ സമ്മാനങ്ങൾ വിതരണം ചെയ്തത്. റമദാൻ മുപ്പതാം ദിവസത്തെ ഇഫ്താർ ഭക്ഷണ വിതരണത്തോടൊപ്പമാണ് പ്രത്യേക ബോക്സുകളും മറ്റും വിതരണം ചെയ്തത്.
കോവിഡ് പ്രതിസന്ധിയിൽ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും പെരുന്നാൾ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്. എങ്കിലും രാജ്യത്തിലെ അടിസ്ഥാന വർഗക്കാരായ തൊഴിലാളികളുടെ പെരുന്നാൾ സന്തോഷങ്ങളിൽ അവർക്കൊപ്പം ചേർന്നുനിൽക്കാനും അവരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധചെലുത്താനുമാണ് ദുബൈ തൊഴിൽകാര്യ സ്ഥിരം സമിതി ശ്രമിക്കുന്നതെന്ന് വകുപ്പ് ചെയർമാനും ജി.ഡി.ആർ.എഫ്.എ ദുബൈ ഉപമേധാവിയുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു.
ദുബൈയിലെ തൊഴിലാളികൾക്ക് ഏറ്റവും മികച്ച സൗകര്യപ്രദമായ സാഹചര്യങ്ങളാണ് വകുപ്പ് ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ഓർമദിനത്തിൽ വകുപ്പ് തൊഴിലാളികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്തിരുന്നു.
ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ഭക്ഷണങ്ങൾ വിതരണം ചെയ്തത്. മാത്രവുമല്ല ദിനംപ്രതി വകുപ്പിനു കീഴിൽ താഴ്ന്ന വരുമാനക്കാർക്ക് ഭക്ഷ്യവസ്തുക്കളും പാകംചെയ്ത ഭക്ഷണവും വകുപ്പ് വിതരണം ചെയ്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.