ദുബൈ: സാങ്കേതികരംഗത്തെ നവീന കാഴ്ചപ്പാടുകൾ പരിചയപ്പെടുത്തുന്ന ലോകത്തെ ഏറ്റവും വലിയ പ്രദർശനമായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷന് (ജൈടെക്സ്) ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി.
സന്ദർശകർ ഒഴുകിയെത്തിയ ആദ്യദിനത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടക്കം പ്രമുഖരും പ്രദർശനങ്ങൾ കാണാനെത്തി. ഉദ്യോഗസ്ഥരോടും പ്രദർശകരോടും സംസാരിച്ച അദ്ദേഹം വിവിധ പവിലിയനുകൾ നോക്കിക്കാണുകയും ചെയ്തു. ജൈടെക്സിന്റെ വളർച്ച ദുബൈയുടെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പിന്നീട് അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിക്കുകയും ചെയ്തു.
1981ൽ ആരംഭിച്ച മേളയുടെ 43ാം എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. ആറായിരത്തിലധികം കമ്പനികൾ പങ്കെടുക്കുന്ന മേളയിലെ വിവിധ സെഷനുകളിൽ സാങ്കേതിക രംഗത്തെ 1400ലധികം വിദഗ്ധർ പങ്കെടുത്ത് സംസാരിക്കുന്നുമുണ്ട്. വേൾഡ് ട്രേഡ് സെന്ററിന് പുറമെ ദുബൈ ഹാർബറിലുമാണ് വിവിധ കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും പ്രദർശനം ഒരുക്കിയിട്ടുള്ളത്. ‘എല്ലാത്തിനും നിർമിതബുദ്ധി സങ്കൽപിക്കാനുള്ള വർഷം’ എന്ന തലക്കെട്ടാണ് ഇത്തവണ മേളക്ക് നൽകിയത്. വെബ് 3.0 ഗെയിമിങ്, ഡിജിറ്റൽ നഗരങ്ങൾ, നിർമിത ബുദ്ധി, സൈബർ സുരക്ഷ എന്നീ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന സ്ഥാപനങ്ങളാണ് പ്രധാനമായും പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുള്ളത്. ദുബൈ പൊലീസ്, റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) എന്നിവയടക്കം വിവിധ സർക്കാർ വകുപ്പുകൾ, വിവിധ എമിറേറ്റുകളിലെയും രാജ്യങ്ങളിലെയും സർക്കാർ സ്ഥാപനങ്ങൾ എന്നിവയും മേളയിൽ പങ്കെടുക്കുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തി 250ലേറെ ഇന്ത്യൻ കമ്പനികളും ജൈടെക്സിൽ അണിനിരക്കുന്നുണ്ട്. ഹാൾ 26ലെ ഇന്ത്യൻ പവലിയൻ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.
നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യകൾ, ബാങ്കിങ് സൊലൂഷൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി, മെറ്റാവേഴ്സ്, വിദ്യാഭ്യാസ രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ, ടെലികോം രംഗത്തെ സംവിധാനങ്ങൾ തുടങ്ങിയവയാണ് ഇന്ത്യൻ പ്രദർശനത്തിൽ പ്രധാനമായും സ്ഥാനം പിടിച്ചത്.
ലോകത്തെ വിവിധ കമ്പനികളുടെ ബന്ധപ്പെടാനും ഇന്ത്യൻ കമ്പനികളെ പരിചയപ്പെടുത്താനുമുള്ള അസുലഭാവസരമാണ് ജൈടെക്സിൽ ലഭിക്കുന്നതെന്ന് ഇന്ത്യൻ പവലിയന് നേതൃത്വം നൽകുന്ന പ്രവാസി വാണിജ്യ വ്യവസായ കൂട്ടായ്മയായ പി.ഐ.ഒ.സി.സി.ഐ അന്താരാഷ്ട്ര കോഓഡിനേറ്റർ മുനീഷ് ഗുപ്ത ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.