ദുബൈ: ഭാവിയുടെ ലോകത്തെ നിയന്ത്രിക്കുന്ന നവീനമായ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തി ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷൻ(ജൈടെക്സ്) 43ാം സീസണ് സമാപനമായി. ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ പ്രദർശനമെന്ന സ്ഥാനമലങ്കരിക്കുന്ന മേളയുടെ അഞ്ചുദിവസങ്ങളിൽ റെക്കോഡ് സന്ദർശകരാണ് ഇത്തവണയെത്തിയത്.
6000ത്തിലധികം കമ്പനികളും 1800ലധികം സ്റ്റാർട്ടപ്പുകളുമാണ് പങ്കെടുത്ത മേളയിലെ വിവിധ സെഷനുകളിൽ സാങ്കേതിക രംഗത്തെ 1400ലധികം വിദഗ്ധർ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. ‘എല്ലാറ്റിനും നിർമിതബുദ്ധി സങ്കൽപിക്കാനുള്ള വർഷം’ എന്ന തലക്കെട്ടാണ് ഇത്തവണ മേളക്ക് നൽകിയത്. വെബ് 3.0 ഗെയിമിങ്, ഡിജിറ്റൽ നഗരങ്ങൾ, നിർമിതബുദ്ധി, സൈബർ സുരക്ഷ എന്നീ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന സ്ഥാപനങ്ങളാണ് പ്രധാനമായും പ്രദർശനത്തിൽ ഇടംപിടിച്ചിട്ടുള്ളത്. ദുബൈ പൊലീസ്, റോഡ് ഗതഗാത അതോറിറ്റി (ആർ.ടി.എ) എന്നിവയടക്കം വിവിധ സർക്കാർ വകുപ്പുകൾ, വിവിധ എമിറേറ്റുകളിലെയും രാജ്യങ്ങളിലെയും സർക്കാർ സ്ഥാപനങ്ങൾ എന്നിവയും മേളയിൽ പങ്കെടുക്കുകയും ഭാവിയിൽ നടപ്പാക്കാനിരിക്കുന്ന പുത്തൻ സംവിധാനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.
നിർമിതബുദ്ധി അടക്കമുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന 250ലേറെ ഇന്ത്യൻ കമ്പനികളും ജൈടെക്സിൽ പങ്കെടുത്തു. ജൈടെക്സ് യൂറോപ്പിലേക്കടക്കം വ്യാപിപ്പിക്കുന്നതിന്റെ പ്രഖ്യാപനവും ഇത്തവണത്തെ സവിശേഷതയാണ്. ഇതിന്റെ ഭാഗമായി യൂറോപ്പിലെ ഉദ്ഘാടന എഡിഷൻ ജർമനിയിലെ ബെർലിനിൽ 2025 മേ(യ് 21 മുതൽ 23വരെ നടക്കും. അടുത്ത വർഷം മേയിൽ മൊറോക്കോയിലാണ് ആഫ്രിക്കൻ പതിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇത്തവണ ജൈടെക്സ് നിരവധി പരിപാടികളും പുതിയ ഉൽപന്നങ്ങളുടെ പ്രഖ്യാപനങ്ങളും പുതിയ പങ്കാളിത്ത കരാറുകളാലും സമ്പന്നമായിരുന്നെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ പ്രസ്താവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.