ദുബൈ: ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ എക്സിബിഷനായ ജൈടെക്സ് ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി യൂറോപ്പിലും ആഫ്രിക്കയിലും പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബൈ വേൾഡ് ട്രേഡ് സെന്റർ അധികൃതർ വെളിപ്പെടുത്തി.
യൂറോപ്പിലെ ഉദ്ഘാടന എഡിഷൻ ജർമനിയിലെ ബർലിനിൽ 2025 മേയ് 21 മുതൽ 23 വരെ നടക്കും. ലോകത്തെ പ്രമുഖ ട്രേഡ് ഫെയർ കമ്പനിയായ മെസെ ബർലിനുമായി ചേർന്നാണ് എക്സിബിഷൻ ആസൂത്രണം ചെയ്യുന്നതെന്നും ജൈടെക്സിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംഘാടകർ വെളിപ്പെടുത്തി. അടുത്ത വർഷം മേയിൽ മൊറോക്കോയിലാണ് ആഫ്രിക്കൻ പതിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇത്തവണ ജൈടെക്സ് നിരവധി പരിപാടികളും പുതിയ ഉൽപന്നങ്ങളുടെ പ്രഖ്യാപനങ്ങളും പുതിയ പങ്കാളിത്ത കരാറുകളാലും സമ്പന്നമായിരുന്നെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് സഹമന്ത്രി ഉമർ സുൽത്താൻ അൽ ഉലമ പറഞ്ഞു. ദുബൈ ഒരു ആഗോള നഗരമാണ്.അത് നിലകൊള്ളുന്നത് എന്തിനാണോ അതിനുവേണ്ടിയാണ് ജൈടെക്സും രൂപപ്പെട്ടത്. എക്സിബിഷൻ ബർലിനിലേക്ക് എത്തുമ്പോൾ മേഖലയിലെ മികച്ച പ്രതിഭകളെ യൂറോപ്പിലേക്ക് എത്തിക്കാനുള്ള വഴിയാണ് തുറക്കുന്നത്. ജൈടെക്സ് യൂറോപ്പ് ഏറ്റവും മികച്ച പരിപാടിയാക്കി മാറ്റാനാണ് ഞങ്ങൾ ആസൂത്രണം ചെയ്യുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
ബർലിനും ജൈടെക്സും മികച്ച ചേർച്ചയുണ്ടെന്നും രണ്ടും ആഗോള സമൂഹത്തെയും നവീന ആശയങ്ങളുള്ളവരെയും ബന്ധിപ്പിക്കുന്നതാണെന്നും ചടങ്ങിൽ സംസാരിച്ച ബർലിൻ മേയർ ഫ്രാൻസിസ്ക ഗിഫി പറഞ്ഞു.അന്താരാഷ്ട്രവത്കരണം ആഴത്തിൽ വേരൂന്നിയ ഒരു നഗരമെന്ന നിലയിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഒരുമിച്ച് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും സംയുക്ത ഭാവി പങ്കിടാനും കഴിയും.
40 സർവകലാശാലകളും 80 ഗവേഷണകേന്ദ്രങ്ങളും 2,50,000 വിദ്യാർഥികളുമുള്ള ജർമനിയിലെ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ഏറ്റവും വലിയ കേന്ദ്രമാണ് ബർലിൻ.ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകളും യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റാർട്ടപ് ഇക്കോസിസ്റ്റവുമാണ് നഗരത്തിലുള്ളത് -ഗിഫി കൂട്ടിച്ചേർത്തു.
മഹാമാരിക്കാലത്തിനുശേഷവും മുടക്കമില്ലാതെ മുന്നോട്ടുപോയ ഏക സാങ്കേതികവിദ്യ മേളയാണ് ജൈടെക്സ് എന്ന് വേൾഡ് ട്രേഡ് സെൻറർ എക്സി. വൈസ് പ്രസിഡന്റ് ട്രിക്സീ ലോമിർമന്ദ് പറഞ്ഞു. ആഗോള സാങ്കേതികവിദ്യാ രംഗം ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണത്. ഈ വിജയഗാഥ യൂറോപ്പിലും ആഫ്രിക്കയിലും ആവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.