ജൈടെക്സ് സമാപിച്ചത് ദുബൈ: സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ സമർപ്പിച്ച് ഐ.ടി സാങ്കേതികവിദ്യ പ്രദർശനമായ ജൈടെക്സിെൻറ 41ാമത് എഡിഷന് കൊടിയിറങ്ങി. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ അടുത്തിടെ നടന്ന പരിപാടികളിൽ ഏറ്റവുമധികം സന്ദർശകരെ ആകർഷിച്ച പരിപാടി എന്ന പകിട്ടോടെയാണ് ജൈടെക്സ് സമാപിക്കുന്നത്. അഞ്ച് ദിവസത്തിനിടെ പതിനായിരക്കണക്കിന് സന്ദർശകർ മേള കാണാനെത്തി.
140 രാജ്യങ്ങളിലെ നാലായിരത്തോളം സ്ഥാപനങ്ങളാണ് അണിനിരന്നത്. ഐ.ടി പാർക്കും സ്റ്റാർട്ടപ്പ് മിഷനും മലയാളക്കരയുടെ സാന്നിധ്യമറിയിച്ചു. യു.എ.ഇ സർക്കാരിെൻറ ഭൂരിപക്ഷം വകുപ്പുകളും മേളയിൽ സജീവമായിരുന്നു. അതിവേഗം സ്മാർട്ടായി കുതിക്കുന്ന യു.എ.ഇയിലെ സർക്കാർ വകുപ്പുകളിലെ പുതിയ സ്മാർട്ട് സംവിധാനങ്ങൾ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവരും മേള സന്ദർശിക്കാൻ എത്തിയിരുന്നു.
നൂതന സാങ്കേതിക വിദ്യകളുടെ കൈമാറ്റം, ആശയങ്ങൾ, ഇറക്കുമതി, കയറ്റുമതി തുടങ്ങി കോടിക്കണക്കിന് രൂപയുടെ വ്യാപാര ഇടപാടുകളാണ് അഞ്ച് ദിവസത്തെ പരിപാടിക്കിടെ നടന്നത്. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ഐ.ടി കമ്പനികളും സ്റ്റാർട്ട് അപ്പുകളും ഏറ്റവും പുതിയ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ കോൺഫറനസുകളും വർക്ഷോപ്പുകളും അരങ്ങേറി. ആർടിഫിഷ്യൽ ഇൻറലിജൻസ്, 5ജി സാങ്കേതിക വിദ്യ, ക്ലൗഡ്, ബ്ലോക് ചെയിൻ, ബിഗ്ഡാറ്റ, ക്വാണ്ടം കമ്പ്യൂട്ടിങ്, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതിക മേഖലയിലെ പുത്തൻ ഉപകരണങ്ങൾ സന്ദർശകർ ഏറ്റെടുത്തു.
ഗതാഗതം, ആരോഗ്യപരിപാലനം, പൊലീസിങ്, ഭക്ഷണം, സുരക്ഷാ സംവിധാനങ്ങൾ, ബാങ്കിങ് തുടങ്ങി സകല മേഖലകളിലും വരാനിരിക്കുന്ന സാേങ്കതിക വിദ്യകളും ജൈടെക്സിൽ ഇടം പിടിച്ചു. ഇത്തിസാലാത്ത് പവലിയനാണ് ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ചത്. ഇവിടെ പ്രദർശിപ്പിച്ച മെഴ്സിഡസ് ബെൻസിെൻറ ഫ്യൂച്ചർ കാർ ലോകത്ത് തന്നെ മൂന്നാം തവണ മാത്രമാണ് പ്രദർശനത്തിനെത്തുന്നത്. മൊബൈൽ ഫോൺ ആക്സസറീസ് മുതൽ റോബോട്ടുകൾ വരെ വിൽപനക്കും പ്രദർശനത്തിനും എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.