ദുബൈ: ശാരീരിക വ്യതിയാനങ്ങളുള്ള ദൃഢനിശ്ചയ വിഭാഗത്തിൽപ്പെട്ട ആളുകളുടെ സൗകര്യത്തിന് വീഡിയോ ചാറ്റ് സൗകര്യമൊരുക്കി റോഡ് ഗതാഗത അതോറിറ്റി. ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്നവർക്ക് ആവശ്യങ്ങൾ അറിയിച്ചാൽ ഏറ്റവും എളുപ്പത്തിൽ അതിനുള്ള മറുപടിയും സൗകര്യവും നൽകാനാണ് ഇൗ സംവിധാനം. ആർ.ടി.എ വെബ്സൈറ്റിൽ പീപ്പിൾ ഒഫ് ഡിറ്റർമിനേഷൻ വിഭാഗത്തിൽ ക്ലിക്കു ചെയ്താൽ വീഡിയോ കാളിനുള്ള വിൻഡോ തയ്യാറാവും. മറ്റു കാളുകളേക്കാൾ മുൻഗണന നൽകി അവക്ക് ഉത്തരം നൽകും. ആംഗ്യഭാഷ നന്നായി വഴങ്ങുന്ന ആർ.ടി.എ ഏജൻറുമാരാണ് ഇൗ കാൾ കൈകാര്യം ചെയ്യുക.
ഇതിനു പുറമെ പതിവായിട്ടുള്ള ആവശ്യങ്ങൾക്ക് പരിഹാരം തേടാൻ സാധാരണയായി ഉന്നയിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ലഭിച്ച സേവനം എത്രമാത്രം തൃപ്തികരമാണ് എന്ന് രേഖപ്പെടുത്താൻ ഹാപ്പിനസ് മീറ്ററും ഒരുക്കിയിട്ടുണ്ട്. അവായ ലൈവ്, വെബ് ആർ.ടി.സി എന്നിവയുടെ പിന്തുണയോടെയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. നിശ്ചയദാർഢ്യവിഭാഗത്തിലെ ജനങ്ങളുടെ മുന്നേറ്റം സാധ്യമാക്കാൻ യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശിച്ച കർമപദ്ധതികളുടെ ഭാഗമായാണ് ആർ.ടി.എയുടെ നടപടി. നിശ്ചയദാർഢ്യവിഭാഗത്തിലെ ജനങ്ങൾക്ക് ജീവിതത്തിെൻറ എല്ലാ കോണുകളിലും പിന്തുണ നൽകേണ്ടതുണ്ടെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായ പരിഗണനയും സേവനവും നൽകാനാവുന്നതിൽ അഭിമാനമുണ്ടെന്നും ആർ.ടി.എ ഉപഭോക്തൃ സേവന വിഭാഗം എക്സി. ഡയറക്ടർ അഹ്മദ് മഹ്ബൂബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.