അജ്മാൻ: ഗ്ലോബൽ ചാമ്പ്യൻസ് അറേബ്യൻസ് ടൂർ 2025 സീസണിന്റെ ആദ്യ ഘട്ടത്തിന് അജ്മാനിലെ അൽ സോറ ബീച്ച് ആതിഥേയത്വം വഹിക്കും. വെള്ളിയാഴ്ച മുതൽ ജനുവരി ആറു വരെ അൽ സോറ ബീച്ച്ഫ്രണ്ടിലാണ് പരിപാടി അരങ്ങേറുന്നത്. 2025ലെ ജി.സി.എ.ടിയുടെ യൂറോപ്പ്, മിഡിലീസ്റ്റ് പരമ്പരയുടെ ആവേശകരമായ രണ്ടാം സീസണിന്റെ തുടക്കമാണിത്. ആകെ എട്ട് ഘട്ടങ്ങളും ഡിസംബറിൽ നടക്കുന്ന വേൾഡ് അറേബ്യൻ ഹോഴ്സ് ചാമ്പ്യൻഷിപ് സുപ്രീമും ഇതിൽ ഉൾപ്പെടും. ഗ്ലോബൽ ചാമ്പ്യൻസ് അറേബ്യൻസ് ടൂർ മികച്ച അറേബ്യൻ കുതിരകളെ അജ്മാൻ എമിറേറ്റിലേക്ക് കൊണ്ടുവരും.
2025ലെ പരമ്പരയിലുടനീളം രണ്ട് കോടി യൂറോ വിലമതിക്കുന്ന സമ്മാനത്തുകയും നല്‍കുന്നുണ്ട്. ലോകമെമ്പാടുമുള്ള മികച്ച മത്സരാർഥികൾ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും. അറേബ്യൻ കുതിരയുടെ വ്യതിരിക്തത ലോക വേദിയിൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരമ്പരയുടെ ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധ ജഡ്ജിമാർ ഓരോ കുതിരയെയും അഞ്ച് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി വിലയിരുത്തും.
ഓരോന്നിനും 20 പോയന്റുകൾ ലഭിക്കും. പരമാവധി 100 പോയന്റാണ് ലഭിക്കുക. ഓരോ ക്ലാസിലും ഏറ്റവും കൂടുതൽ സ്കോർ നേടുന്ന കുതിരകൾക്ക് സീസണിലുടനീളം പോയന്റുകൾ ലഭിക്കും. ചാമ്പ്യൻഷിപ് വിജയങ്ങൾക്ക് ബോണസ് പോയന്റ് ലഭിക്കും. യൂറോപ്പ്, മിഡിലീസ്റ്റ് ഘട്ടങ്ങളിൽനിന്നുള്ള സ്വർണ, വെള്ളി, വെങ്കല ചാമ്പ്യന്മാർ സുപ്രീം വേൾഡ് ചാമ്പ്യൻ ആകാനുള്ള അവസരത്തിനായി ഈ വർഷാവസാനം അമേരിക്കാസ് പരമ്പരയിലെ ചാമ്പ്യന്മാരുമായി ഏറ്റുമുട്ടും. ലോകോത്തര വിനോദം, ഷോപ്പിങ്, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പരിപാടി കാണികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും. ജനുവരി മൂന്നു മുതൽ ആറുവരെ നടക്കുന്ന മേള എല്ലാ ദിവസവും 3.30 ന് ആരംഭിക്കും. കാണികൾക്ക് ഷോയിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.