ദുബൈ: നവസാങ്കേതിക രംഗത്ത് ശക്തമായി മുന്നേറുന്ന നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ) വിദ്യാഭ്യാസ രംഗത്തും സജീവമായി ഉപയോഗിക്കാൻ യു.എ.ഇ ആസൂത്രണം തുടങ്ങി. നിർമിതബുദ്ധി ഉപയോഗിച്ചുള്ള ട്യൂട്ടർ വികസിപ്പിക്കാനും നടപ്പാക്കാനും പ്രവർത്തനം തുടങ്ങിയതായി വിദ്യാഭ്യാസമന്ത്രി അഹ്മദ് ബിൽഹൂൽ അൽ ഫലാസി വ്യക്തമാക്കി.
ദുബൈയിൽ നടക്കുന്ന ആഗോള സർക്കാർ ഉച്ചകോടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൈക്രോസോഫ്റ്റ്, ഓപൺ എ.ഐ എന്നിവയടക്കം വിവിധ ടെക് കമ്പനികളുമായി സഹകരിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം ഉയർത്താൻ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്.
പഠന സംവിധാനത്തിൽ നിർമിത ബുദ്ധി നടപ്പാക്കുന്നതിന് മുമ്പായി പാഠ്യപദ്ധതി മുതൽ അധ്യാപനവും മൂല്യനിർണയവുമടക്കം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂർണമായ അവലോകനം മന്ത്രാലയം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെ നടപ്പാക്കുന്ന പദ്ധതി വഴി നൂതന മാതൃകകളുടെ ഉപയോഗത്തിലൂടെ വിദ്യാർഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഓരോ വിഷയത്തെക്കുറിച്ചും വിദ്യാർഥികളുടെ ധാരണ മെച്ചപ്പെടുത്തുന്നതിനും അതത് സമയത്ത് ഫീഡ്ബാക്കും മാർഗനിർദേശവും നൽകാനും സാധിക്കുന്നതായിരിക്കും അധ്യാപനത്തിനായി വികസിപ്പിക്കുന്ന ട്യൂട്ടർ. പഠനം ആകർഷകവും സംവേദനാത്മകവുമാക്കുന്നതിനാണ് ‘പുതിയ അധ്യാപക’നെ രൂപകൽപന ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം നിർമിത ബുദ്ധി ഉപയോഗിക്കുന്നത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും സെഷനിൽ സംസാരിച്ച വിദഗ്ധർ അഭിപ്രായപ്പെട്ടു. ഡേറ്റ ഉപയോഗിച്ച് മൂല്യനിർണയം നടത്തുന്നതിലൂടെ വിദ്യാർഥികൾക്ക് അവസരം നിഷേധിക്കുന്ന അനുഭവം മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെന്ന് എ.സി.ടി എന്ന സന്നദ്ധ സംഘടന സി.ഇ.ഒ ജാനറ്റ് ഗോഡ്വിനാണ് ചൂണ്ടിക്കാട്ടിയത്.
എന്നാൽ, പുതിയ മാറ്റങ്ങൾ സ്വീകരിക്കാൻ ലോകത്തെ വിദ്യാഭ്യാസ രംഗം സന്നദ്ധമാകണമെന്നും ഇല്ലെങ്കിൽ അത് ഏറ്റവും അധാർമികമായ വസ്തുതയായിരിക്കുമെന്നും മന്ത്രി അഹ്മദ് ബിൽഹൂൽ അൽ ഫലാസി ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതികവിദ്യ യു.എ.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ എപ്പോൾ മുതൽ ഉപയോഗിച്ചു തുടങ്ങുമെന്ന് വ്യക്തമായിട്ടില്ല. എന്നാൽ ഘട്ടംഘട്ടമായി യൂനിവേഴ്സിറ്റി തലം മുതൽ പ്രാഥമിക തലംവരെ ഭാവിയിൽ ഇത് ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
ദുബൈ: ഭൂകമ്പ ദുരിതത്തിൽ സഹായമൊഴുക്കിയ യു.എ.ഇക്ക് നന്ദി അറിയിച്ച് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. യു.എ.ഇയുടെ സഹായവും പിന്തുണയും ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ നടക്കുന്ന ആഗോള സർക്കാർ സംഗമത്തിൽ വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും വേദിയിലുണ്ടായിരുന്നു. സർക്കാർ സംഗമത്തിൽ ഉർദുഗാനും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഭൂകമ്പത്തെത്തുടർന്ന് യു.എ.ഇ യാത്ര ഒഴിവാക്കുകയായിരുന്നു. അപകട സമയത്ത് സഹായം പ്രഖ്യാപിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇ എന്ന് ഉർദുഗാൻ പറഞ്ഞു. ദുരന്ത സമയത്ത് ഒന്നിച്ചുനിൽക്കേണ്ടതിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രാധാന്യമാണ് ഇതിലൂടെ നിങ്ങൾ തെളിയിച്ചത്. പരിക്കേറ്റവരെ സഹായിക്കാനും കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ഇമാറാത്തി സേന മുന്നിലുണ്ട്. രാജ്യം വീണ്ടും കെട്ടിപ്പടുക്കാൻ എല്ലാവിധ ശ്രമങ്ങളും തുടരുകയാണെന്നും ഉർദുഗാൻ പറഞ്ഞു.
ഭൂകമ്പമുണ്ടായതിനുപിന്നാലെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ 100 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു. ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 50 ദശലക്ഷം ദിർഹമും നൽകാൻ നിർദേശിച്ചിരുന്നു. ഇതിനുപുറമെ, തുർക്കിയയിലേക്ക് രക്ഷാസേനയെ അയക്കുകയും ഫീൽഡ് ആശുപത്രി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.