ദുബൈ: സംവിധാനത്തിൽ താൽപര്യമുള്ള വിദ്യാർഥിയാണോ നിങ്ങൾ? അങ്ങനെയെങ്കിൽ അഞ്ചിനും 14നും ഇടയിൽ പ്രായമുള്ളവർക്കുവേണ്ടി ഗ്ലോബൽ വില്ലേജ് ഗംഭീരമായ അവസരമൊരുക്കുകയാണ്. യു.എ.ഇയിലെ രണ്ട് മിടുക്കരായ വിദ്യാർഥികൾക്ക് ഗ്ലോബൽ വില്ലേജിൽനിന്ന് 10 ലക്ഷം ദിർഹം സ്കോളർഷിപ്പായി നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. ബ്ലൂം വേൾഡ് അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന യങ് ഡയറക്ടേഴ്സ് അവാർഡ് മത്സരത്തിലൂടെയാണ് വിജയികളെ തീരുമാനിക്കുന്നത്.
‘എന്റെ മികവുറ്റ അത്ഭുത ലോകം’ വിഷയത്തെ അടിസ്ഥാനമാക്കി ഒരു ചെറിയ വിഡിയോ ചെയ്ത് സമർപ്പിക്കുകയാണ് മത്സരത്തിൽ പങ്കെടുക്കാൻ ചെയ്യേണ്ടത്. ലോകം കൂടുതൽ മനോഹരമാക്കുന്നതിന് തങ്ങൾ ഭാവിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളോ, നിലവിൽ ആരെങ്കിലും ചെയ്യുന്ന കാര്യങ്ങളോ ആണ് വിഡിയോയിൽ വരേണ്ടത്. സ്കോളർഷിപ്പ് വിജയിക്കുന്നവർക്ക് ബ്ലൂം വേൾഡ് അക്കാദമിയിൽ പഠനം പൂർത്തിയാക്കാനുള്ള അവസരമാണ് ഒരുക്കുക.
മത്സരത്തിലൂടെ യു.എ.ഇയിലെ കുട്ടികളെ ബോക്സിന് പുറത്ത് ചിന്തിക്കാനും ഭാവനകളിലേക്ക് ആഴ്ന്നിറങ്ങാനും പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു. ജൂനിയർ (അഞ്ചുമുതൽ 10 വയസ്സ് വരെ), സീനിയർ (11 മുതൽ 14 വയസ്സ് വരെ) വിഭാഗങ്ങളിലായാണ് മത്സരം ഒരുക്കുന്നത്. ദുബൈ ഫിലിം ആൻഡ് ടി.വി കമീഷൻ ഓപറേഷൻസ് ഡയറക്ടർ സഈദ് അൽജാനാഹി, ബ്ലൂംവേൾഡ് അക്കാദമി പ്രിൻസിപ്പൽ ജോൺ ബെൽ, നടി നൈല ഉഷ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിധികർത്താക്കളാവുക. നാലുമിനിറ്റിൽ കൂടാത്ത വിഡിയോ മൊബൈലിലോ വിഡിയോ കാമറയിലോ പകർത്താം. ഫെബ്രുവരി ഒന്നിനുമുമ്പ് യൂട്യൂബിൽ ‘അൺ പബ്ലിഷ്ഡ്’ വിഡിയോ ആയാണ് പ്രസിദ്ധീകരിക്കണം. തുടർന്ന് ഗ്ലോബൽ വില്ലേജ് വെബ്സൈറ്റ് വഴി ലിങ്ക് പങ്കുവെക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.