അബൂദബി: സര്‍വിസുകള്‍ പലതും നിര്‍ത്തി യാത്രക്കാരെ ആശങ്കയിലാക്കുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തി ആശങ്ക അകറ്റണമെന്നും അബൂദബി സംസ്ഥാന കെ.എം.സി.സി ആവശ്യപ്പെട്ടു. സര്‍വിസ് റദ്ദാക്കുന്നതായി യാത്രയുടെ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം അറിയിക്കുന്നതിലൂടെ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയും കടുത്ത പ്രയാസവുമാണ് വരുത്തിവെക്കുന്നത്.
നേരത്തേ ടിക്കറ്റ് എടുത്തവര്‍ ഇപ്പോള്‍ മറ്റൊരു ടിക്കറ്റ് എടുക്കുന്നതിന് ഇരട്ടിയിലധികം പണം നല്‍കേണ്ട അവസ്ഥയാണുള്ളത്. അവധിക്കാലം എത്തുന്നതോടെ നാട്ടിലേക്കുള്ള യാത്ര ദുരിതപൂര്‍ണമാവും. അതുകൊണ്ടുതന്നെ പ്രശ്ന പരിഹാരത്തിനായി കേന്ദ്ര-കേരള സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണം. വിദേശ വിമാന കമ്പനികള്‍ക്ക് അധിക സര്‍വിസ് നടത്താന്‍ ഉടന്‍ അനുമതി നല്‍കണം. അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്ന പ്രവണതക്ക് അറുതി വരുത്തണമെന്നും പ്രവാസികളോടുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കെ.എം.സി.സി. ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.