ദുബൈ: വെള്ളിയാഴ്ച രാത്രി കോഴിക്കോട് തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതാണ് മലപ്പുറം വളാഞ്ചേരി വലിയവളപ്പിൽ അബൂബക്കർ. ഒരാഴ്ച മുൻപേ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. യാത്രക്ക് തൊട്ടുമുൻപാണ് ഉമ്മ മറിയം പറയുന്നത് നാളെ ഒരുമിച്ച് പോകാമെന്ന്. ഉമ്മയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും പതിവില്ലാത്ത വാശിയിലായിരുന്ന അവർ. അവസാന നിമിഷം ടിക്കറ്റിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഒടുവിൽ, ഉമ്മക്കുവേണ്ടി യാത്ര മാറ്റിവെച്ച അബൂബക്കർ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ്. ഇന്ന് വൈകുന്നേരം എട്ടിന് പുറപ്പെടുന്ന വന്ദേഭാരത് വിമാനത്തിൽ ഉമ്മയെയും കൂട്ടി നാട്ടിലേക്ക് തിരിക്കാൻ ടിക്കറ്റെടുത്തിരിക്കുകയാണ് അബൂബക്കർ.
എംബസിയിൽ നിന്ന് പുറത്തുവിട്ട യാത്രക്കാരുടെ പട്ടികയിൽ അബൂബക്കറിെൻറ പേരും ഉണ്ടായിരുന്നു. കോവിഡ് പോസിറ്റീവായതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, താൻ വിമാനത്താവളത്തിൽ പോയിട്ടില്ലെന്നും എന്തുകൊണ്ടാണ് പട്ടികയിൽ പോസിറ്റീവ് എന്ന് വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടികയിലെ പേര് കണ്ട് നിരവധി പേർ വിളിച്ചുവെന്നും അബൂബക്കർ പറഞ്ഞു. യാത്ര റദ്ധാക്കിയതോടെ ടിക്കറ്റിനായി മുടക്കിയ തുക പോയതിലുള്ള വിഷമവും ഇപ്പോൾ അബൂബക്കറിനില്ല.
പിതാവ് മുഹമ്മദ് കുട്ടി ഹാജിയും മാതാവ് മറിയവും ഭാര്യയും മക്കളുമടങ്ങിയ കുടുംബ സമേതമാണ് അബൂബക്കർ ദുബൈയിൽ താമസിക്കുന്നത്. 'എന്നോടൊപ്പം വരാൻ സാധാരണ ഉമ്മ വാശി പിടിക്കാറില്ല. എന്നാൽ, എന്തുകൊണ്ടോ ഇത്തവണ വല്ലാത്ത വാശിയിലായിരുന്നു ഉമ്മ'-അബൂബക്കർ നെടുവീർപ്പിടുന്നു. ദുബൈയിൽ ബിസിനസ് നടത്തുന്ന അബൂബക്കർ ഇന്ന് രാത്രി ഉമ്മയോടൊപ്പം നാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.