ദുബൈ: സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ അഞ്ചു ശതമാനം വർധന വരുത്തി കേന്ദ്രസർക്കാറിന്റെ തീരുമാനം ഇന്ത്യയിൽ സ്വർണ വില വർധിക്കാൻ ഇടയാക്കും. ഇതോടെ യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിക്കും. സ്വർണക്കടത്ത് വർധിക്കാനും ഇത് ഇടയാക്കുമെന്ന് ആക്ഷേപമുണ്ട്.
ഗൾഫിൽനിന്ന് സ്വർണം വാങ്ങി നാട്ടിലെത്തിക്കുന്ന പ്രവാസികൾ നിരവധിയുണ്ട്. ഇന്ത്യയിൽ വില വർധിക്കുന്നതോടെ ഗൾഫിൽനിന്ന് വാങ്ങുന്നവരുടെ എണ്ണം കൂടുമെന്നാണ് കണക്കാക്കുന്നത്. പുതിയ വർധന പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയും ഗൾഫും തമ്മിൽ 12 മുതൽ 15 ശതമാനം വരെ വിലവ്യത്യാസം വരും. നിലവിൽ 7.5 ശതമാനമാണ് ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ. ഇത് 12.5 ശതമാനമായാണ് ഉയരുന്നത്. ഇതോടെ ഒരു കിലോ സ്വർണത്തിന് 2.5 ലക്ഷം രൂപയുടെ അധികനികുതി അടക്കേണ്ടിവരുമെന്നാണ് കണക്ക് കൂട്ടുന്നത്. 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹിക ക്ഷേമ സർച്ചാർജ് ഉൾപ്പെടെ 15.75 ശതമാനമാണ് സ്വർണത്തിന്റെ ആകെ നികുതി.
രാജ്യത്തുടനീളം വലിയ തോതിൽ സ്വർണം കടത്തുന്നതായി കണ്ടെത്തിയ കസ്റ്റംസ് റിപ്പോർട്ട് പുറത്തുവന്നതോടെയാണ് 2021ൽ സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത്. 12.5 ശതമാനത്തിൽനിന്ന് 7.5 ശതമാനമാക്കിയാണ് കുറച്ചത്. 2019ലെ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു.തുടർന്ന് ഇതിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതുംകൂടി കണക്കിലെടുത്താണ് സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത്.
ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽനിന്ന് 12.5 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനം ഇന്ത്യയിലുടനീളം സ്വർണ വില വർധിക്കാൻ ഇടയാക്കുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു. ഇറക്കുമതി തീരുവയിലെ ഈ വർധന യു.എ.ഇയിലെയും ഇന്ത്യയിലെയും സ്വർണവില വ്യത്യാസം വർധിപ്പിക്കും. അത് ഇന്ത്യയിലേതിനേക്കാൾ ജി.സി.സിയിലെ സ്വർണ വിലയെ ആകർഷകമാക്കും. രൂപയുടെ മൂല്യം ഇടിയുന്നതോടെ ഇന്ത്യയിലെ സ്വർണ വില ഇനിയും വർധിക്കാൻ കാരണമാകും.
ജി.സി.സിയിൽ സ്വർണവില ഉപഭോക്തൃ സൗഹൃദ നിലവാരത്തിലേക്ക് മാറിയിരിക്കുന്ന സാഹചര്യത്തിൽ അവധിക്കാലത്തിന് മുന്നോടിയായി സ്വർണത്തിൽ നിക്ഷേപിക്കാനും നാട്ടിലേക്ക് മടങ്ങുമ്പോൾ പ്രിയപ്പെട്ടവർക്ക് ആഭരണങ്ങൾ സമ്മാനമായി വാങ്ങാനും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ സമയമാണിത്. ഇന്ത്യയിൽനിന്ന് സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ ആഭരണങ്ങൾ വാങ്ങുന്നതിൽ വർധനയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ഷംലാൽ പറഞ്ഞു.
സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചത് ഇന്ത്യയുടെ പുറത്ത് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുമെന്ന് ജോയ് ആലുക്കാസ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് പറഞ്ഞു.
നികുതി നിരക്ക് വർധനവ് സ്വർണത്തിനോടുള്ള ആകർഷണീയത കുറക്കില്ല. ഗൾഫ് മേഖലയിലുള്ളവർക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ സ്വർണം വാങ്ങാൻ ഇതുവഴി അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.