ദുബൈ: ഇന്ത്യയിൽ സ്വർണം ഇറക്കുമതി തീരുവ 15ൽ നിന്ന് ആറ് ശതമാനമായി കുറച്ചെങ്കിലും മാറ്റ് കുറയാതെ ദുബൈ വിപണി. ഇറക്കുമതി തീരുവ കുറച്ചിട്ടും ദുബൈയിലെ സ്വർണ വില ഇന്ത്യൻ വിപണിയിലേതിനെക്കാൾ 5-6 ശതമാനം കുറവാണ്.
നേരത്തെ യു.എ.ഇയിൽ നിന്ന് 100 ഡോളർ വിലമതിക്കുന്ന സ്വർണം വാങ്ങുന്നയാൾ ഇന്ത്യയിലെത്തുമ്പോൾ കസ്റ്റംസ് തീരുവ ഉൾപ്പെടെ ഇതേ സ്വർണത്തിന് ഏകദേശം 115 ഡോളർ നൽകേണ്ടിയിരുന്നു. കസ്റ്റംസ് തീരുവ 15ൽ നിന്ന് ആറ് ശതമാനമായി കുറച്ചതോടെ ഇപ്പോൾ 106 ഡോളർ നൽകിയാൽ മതി. എങ്കിലും ഇതേ അളവിലുള്ള സ്വർണം ഇന്ത്യയിൽ നിന്ന് വാങ്ങുകയാണെങ്കിലും 112 മുതൽ 115 ഡോളർ വരെ വില വരും. ഇറക്കുമതി തീരുവയിലെ കുറവ് ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സ്വർണവിലയിലെ അന്തരം കുറക്കുമെന്നുറപ്പാണ്.
എന്നാൽ, ഇന്ത്യയിൽ ലഭിക്കുന്നതിനെക്കാൾ ലോകോത്തര നിലവാരത്തിലുള്ള കലക്ഷനുകളും മോഡലുകളും ദുബൈയിൽ ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾക്ക് ദുബൈയെ കൈവിടാനാവില്ല. ഫലത്തിൽ ലോകത്ത് സ്വർണ വിപണിയുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ദുബൈ തുടരുമെന്ന് തന്നെയാണ് വിപണിയിൽ നിന്നുള്ള സൂചനകൾ. അതേസമയം, തീരുവ കുറഞ്ഞതോടെ സ്വർണം വാങ്ങാനായി മാത്രം ദുബൈയിലേക്ക് വരുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ എണ്ണം കുറയുമെന്ന വിലയിരുത്തലുമുണ്ട്. ഇന്ത്യയും ദുബൈയും തമ്മിലുള്ള വിലയിലെ അന്തരം കുറഞ്ഞതോടെ യാത്ര ചെലവുകളും മറ്റും താരതമ്യം ചെയ്യുമ്പോൾ വലിയ ലാഭം ഉപഭോക്താവിന് കിട്ടില്ലെന്നതാണ് ഈ വിലയിരുത്തലുകൾക്ക് ബലമേകുന്ന കാര്യം. അങ്ങനെ വന്നാൽ, ഇന്ത്യയിൽ നിന്നുള്ള സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവ് വരാനും സാധ്യതയുണ്ട്. ആഗോള വാണിജ്യ ഗവേഷണ സംരംഭത്തിന്റെ കണക്കുകൾ പ്രകാരം 2023-24 വർഷങ്ങളിൽ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി 210 ശതമാനമാണ് വർധിച്ചത്. അതായത് 10.7 ശതകോടി ഡോളറിന്റെ സ്വർണമാണ് ഇക്കാലയളവിൽ ഇറക്കുമതി ചെയ്തിരിക്കുന്നത്. വരും കാലങ്ങളിൽ ഇതിൽ കുറവ് വരുമോയെന്നാണ് സ്വർണ വ്യാപാരികൾ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.