ദുബൈ: വികസനമെന്നത് പേരിനു പോലുമില്ലാതെ, അങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന എമിറേറ്റുകളുടെ ഒരുകൂട്ടത്തെ 1971ൽ ഒരു കൊടിക്കൂറക്ക് താഴെ കൂട്ടിചേർത്ത്, പിന്നീട് ലോകത്തിന് തന്നെ വിസ്മയമായി പടർന്നു പന്തലിച്ച രാജ്യം അഭിമാനകരമായ അമ്പതാം വർഷത്തിെൻറ നിറവിൽ. ലോകം ചിന്തിച്ചുതുടങ്ങും മുമ്പേ അവ നടപ്പാക്കിയ ചരിത്രം എന്നും എഴുതിച്ചേർത്ത യു.എ.ഇയുടെ വിസ്മയനേട്ടങ്ങളെയും പിന്നിട്ട ചരിത്രപരമായ 50 വർഷങ്ങളെയും അടയാളപ്പെടുത്താൻ, 2021 വർഷത്തെ '50ാം വർഷ'മായി യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ പ്രഖ്യാപിച്ചു. കുതിപ്പിലേക്കും വികസനത്തിലേക്കും അതിവേഗം മുന്നേറിയ രാജ്യത്തിെൻറ പ്രയാണത്തിന് നാഴികക്കല്ലായി മാറിയ 50 വർഷത്തെ കൊണ്ടാടാൻ ഒരുവർഷം നീണ്ടുനിൽക്കുന്ന വൈവിധ്യവും വ്യത്യസ്തവുമായി ആഘോഷപരിപാടികളാണ് രാജ്യമൊരുക്കുന്നത്. ആഘോഷങ്ങൾക്ക് ഏപ്രിൽ ആറിന് ഔദ്യോഗികമായ തുടക്കം കുറിക്കും.
2022 മാർച്ച് 31 വരെ നീണ്ടുനിൽക്കുന്ന ആഘോഷക്കാലം നിരവധി സംരംഭങ്ങളുടെയും പ്രവർത്തനങ്ങളുടെയും മഹത്തായ ആഘോഷത്തിെൻറയും വർഷമായി മാറും. യു.എ.ഇയെ മാതൃരാജ്യമായി കരുതുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഉത്സവ മനോഭാവത്തോടെയായിരിക്കും 50ാം വർഷ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. രാഷ്ട്രനിർമാണത്തിന് നേതൃത്വം നൽകിയ സ്ഥാപക പിതാക്കന്മാരുടെ സ്മരണ പുതുക്കുന്നതോടൊപ്പം മുൻകാല മൂല്യങ്ങളും നേട്ടങ്ങളും എല്ലാ യു.എ.ഇ പൗരന്മാരും ഓർമിക്കണമെന്ന് ആഘോഷം ആഹ്വാനം ചെയ്യും. അടുത്ത 50 വർഷത്തെ അഭിലാഷങ്ങളെക്കുറിച്ച് യുവാക്കൾക്ക് അവരുടെ കാഴ്ചപ്പാട് നൽകാൻ പ്രചോദനം നൽകുന്ന ആഘോഷം, വികസനം, പുരോഗതി, സമൃദ്ധി എന്നിവയുടെ മുന്നേറ്റത്തിൽ ഗുണമേന്മയുള്ള ദേശീയ നേട്ടങ്ങൾ കൈവരിക്കാൻ അവരെ പ്രാപ്തരാക്കുന്ന വിധത്തിലായിരിക്കും സംഘടിപ്പിക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ മാർഗനിർദേശത്തിൽ 2019 ഡിസംബറിലാണ് സുവർണ ജൂബിലി കമ്മിറ്റി രൂപവത്കരിച്ചത്. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദിെൻറയും ഡെപ്യൂട്ടി ചെയർവുമൺ ശൈഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദിെൻറയും ചെയർമാൻഷിപ്പിലാണ് യു.എ.ഇ സുവർണ ജൂബിലി കമ്മിറ്റി പ്രവർത്തിക്കുന്നത്. നിരവധി ഫെഡറൽ മെംബർമാർ, വിവിധ വകുപ്പുകളിലെ അംഗങ്ങൾ എന്നിവരും കമ്മിറ്റിയെ പ്രതിനിധാനം ചെയ്യും.
'അടുത്ത യാത്രക്കായി ഒരുങ്ങുന്നു'
1971ൽ യു.എ.ഇ യൂനിയൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ആരംഭിച്ച ഞങ്ങളുടെ യാത്രയിലെ ചരിത്രപരമായ നിർണായക നിമിഷത്തെയാണ് അമ്പതാം വർഷം പ്രതിനിധാനം ചെയ്യുന്നതെന്ന് ശൈഖ് ഖലീഫ പറഞ്ഞു. രാഷ്ട്രം കെട്ടിപ്പടുക്കുമ്പോൾ നമ്മുടെ സ്ഥാപക പിതാക്കന്മാർ പ്രകടിപ്പിച്ച ദൃഡനിശ്ചയവും ഇച്ഛാശക്തിയും ഓർക്കാനുള്ള സമയമാണ്. ലോകത്തിലെ ഏറ്റവും മികച്ചതും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നതുമായ രാജ്യങ്ങളിലൊന്നായി ഇന്ന് നമ്മുടെ രാജ്യം മാറിയതിന് പിന്നിൽ നമ്മുടെ പൗരന്മാർ നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങളുടെ ഫലമാണെന്ന് തിരിച്ചറിയാനുള്ള നേരമാണിത്. ഇൗ യാത്രയിൽ ഇമാറാത്തി പൗരന്മാരുമായി ചേർന്നുനിന്ന വിദേശ പൗരന്മാരുടെ ശ്രമങ്ങളെയും ഈ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെയും നാം വിലമതിക്കുന്നു.
അടുത്ത യാത്രക്കായി നാം ഒരുങ്ങുന്ന സമയത്ത്, 50 വർഷത്തിനിടെ നമ്മുടെ രാജ്യം നേടിയ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണ് ഇൗ അമ്പതാം വർഷം. 2071ൽ രാജ്യം ശതാബ്ദിയാഘോഷത്തിലേക്ക് നീങ്ങുമ്പോൾ യു.എ.ഇയുടെ ചരിത്രം, മൂല്യങ്ങൾ, നേട്ടങ്ങൾ എന്നിവ ആഘോഷിക്കാനുള്ള നിരവധി സംരംഭങ്ങൾക്കുള്ള തുടക്കം കൂടിയാണ് ഇൗ ആഘോഷം.
ഞങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണ് ജീവിക്കുന്നത്. ഈ മാറ്റത്തിനിടയിൽ, പുതുമയും സർഗാത്മകതയും വർധിപ്പിക്കുന്നതിന് അവസരങ്ങളുണ്ട്. 'അതിനാൽ, പുതിയ ആശയങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നമ്മുടെ പൈതൃകവും മൂല്യങ്ങളും സംരക്ഷിക്കാനും നമ്മുടെ സമൂഹത്തിെൻറ സാംസ്കാരിക വൈവിധ്യം സംരക്ഷിക്കാനുമുള്ള ഗുണപരമായ സംരംഭങ്ങളും നാം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഒപ്പം ഈ സംരംഭങ്ങൾ നമ്മുടെ രാജ്യത്തിന് ശോഭനമായ ഭാവിയുമായി മെച്ചപ്പെട്ട ഒരു നാളെയെ സൃഷ്ടിക്കാൻ സഹായിക്കും.'
50 വർഷത്തേക്കുള്ള തയാറെടുപ്പിെൻറ വർഷം
അടുത്ത 50 വർഷത്തേക്കുള്ള തയാറെടുപ്പിെൻറ ഒരു വർഷം കൂടിയാണിത്. നന്മ നിറഞ്ഞതും ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിയുന്നതും പ്രദേശത്തിനും ലോകത്തിനുമായി പ്രത്യാശ കെട്ടിപ്പടുക്കുന്നതിലും മാതൃകാപരമാണ് നമ്മുടെ രാജ്യമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. വരുംതലമുറകൾക്കായി സാമൂഹിക-സാമ്പത്തിക, വികസന നയങ്ങളിലൂടെ മാറ്റംവരുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി വികസന സംരംഭങ്ങൾ ഉൾക്കൊള്ളുന്ന നാല് തന്ത്രപരമായ സ്തംഭങ്ങളിലാണ് ഇത് നിർമിച്ചിരിക്കുന്നത്.
രാജ്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ യാത്രക്കും മേഖലയിലെ ഏറ്റവും മികച്ച വികസന യാത്രക്കും മനുഷ്യനിർമാണത്തിലെ ഏറ്റവും ശ്രേഷ്ഠമായ യാത്രക്കും സാക്ഷ്യംവഹിച്ച 50 വർഷം ആഘോഷിക്കുന്ന ഒരു മഹത്തായ വർഷമാണിത് - ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഇന്ന്, യു.എ.ഇ അമ്പതാം വർഷം ആരംഭിക്കുമ്പോൾ, അഭിമാനത്തോടെ നമ്മുടെ നേട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കാനാകും. അത്ര വലിയ ദൃഢനിശ്ചയവും ഉത്സാഹവും കൈമുതലാക്കിയാണ് നാം അവ നേടിയെടുത്തത്. യു.എ.ഇയിലെ എല്ലാവർക്കും അവരുടെ മുഴുവൻ കഴിവുകളും കൈവരിക്കാനുള്ള അവസരമുണ്ട്, ഒപ്പം ഞങ്ങൾ ഒരുമിച്ച് പുതിയ അതിർത്തികൾ രൂപപ്പെടുത്തുന്നത് തുടരും -അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
വെബ്സൈറ്റ്
അമ്പതാം വർഷത്തെ ആഘോഷങ്ങളുടെ വാർത്തകളും വിശേഷങ്ങളും പങ്കുവെക്കുന്നതിനായി പ്രത്യേക വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റ് വിലാസം: www.UAEyearof.ae
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.