ദുബൈ: പത്തുവർഷ താമസ വിസയായ ഗോൾഡൻ വിസ ലഭിക്കുന്നതിന് കൂടുതൽ എളുപ്പമുള്ള സൗകര്യവുമായി അധികൃതർ രംഗത്ത്. നിർദിഷ്ട മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവർക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷനാലിറ്റി, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി(ഐ.സി.പി) വെബ്സൈറ്റിൽ ഒറ്റ ബട്ടൺ അമർത്തിയാൽ അപേക്ഷ പൂർത്തിയാക്കാൻ കഴിയുക. ഗോൾഡൻ വിസ നേടുന്നതിനുള്ള പ്രക്രിയ എളുപ്പമാക്കുന്നതിനാണ് ‘വൺ ടച്ച് ഗോൾഡൻ വിസ സേവനം’ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ഐ.സി.പിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. യോഗ്യതയുള്ളവരെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരൊറ്റ ഘട്ടത്തിൽ തന്നെ വിസ, സ്റ്റാറ്റസ് ക്രമപ്പെടുത്തൽ, റെസിഡൻസി, ഐഡന്റിറ്റി എന്നിവക്കുള്ള അപേക്ഷകൾ പൂർത്തീകരിക്കാൻ ഇതിലൂടെ സാധിക്കും. വിദേശ പ്രതിഭകളെ കൂടുതലായി ആകർഷിക്കുന്നതിന് ഏർപ്പെടുത്തിയ ഗോൾഡൻ വിസ വഴി താമസക്കാർക്ക് ധാരാളം ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. സ്പോൺസറുടെ ആവശ്യമില്ലാതെ കഴിയാം, ആറ് മാസത്തിലധികം യു.എ.ഇക്ക് പുറത്ത് താമസിക്കുന്നതിന് തടസ്സമില്ല, കുടുംബാംഗങ്ങളെ - ഇണകളും കുട്ടികളും ഉൾപ്പെടെ- അവരുടെ പ്രായം പരിഗണിക്കാതെ സ്പോൺസർ ചെയ്യാം എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടത്. മലയാളികളടക്കം ധാരാളം പേർക്ക് ഇതിനകം ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് സേവനം ചെയ്ത മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർ അടക്കമുള്ള പലർക്കും അപേക്ഷ നൽകാതെ തന്നെ ഇത് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.