ദുബൈ: യു.എ.ഇ സുവർണ ജൂബിലിയുടെ ഭാഗമായി ഞായറാഴ്ച പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ വിസ മേഖലയിൽ നിരവധി ഇളവുകൾ. ഗ്രീൻ, ഫ്രീലാൻസ് വിസക്ക് പുറമെ, ഗോൾഡൻ വിസ ലഭ്യമാകുന്നവരുടെ വിഭാഗത്തിൽ കൂടുതൽ പേരെ ഉൾക്കൊള്ളിച്ചത് ഇതിൽ പ്രധാനപ്പെട്ടതാണ്. സയൻസ്, എൻജിനീയറിങ്, ആരോഗ്യം, വിദ്യഭ്യാസം, ബിസിനസ് മാനേജ്മെൻറ്, ടെക്നോളജി മേഖലയിലെ സ്പെഷലിസ്റ്റുകൾ, സി.ഇ.ഒമാർ, മാനേജർമാർ എന്നിവർക്കും ഗോൾഡൻ വിസ ലഭിക്കും. പത്തുവർഷ വിസ ലഭിക്കുന്ന നടപടിക്രമങ്ങൾ എളുപ്പമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉയർന്ന നൈപുണ്യമുള്ളതും പ്രത്യേകതയുള്ളവരുമായ താമസക്കാർ, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, ഉന്നത വിജയികളായ വിദ്യാർഥികൾ എന്നിവർക്കാണ് നടപടിക്രമങ്ങൾ ലളിതമാക്കുക.
സ്പോൺസറുടെ ആവശ്യമില്ലാതെ യു.എ.ഇയിൽ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും സഹായിക്കുന്നതാണ് ഗോൾഡൻ വിസ. ഇത് അഞ്ച് വർഷത്തേക്ക് സിൽവർ വിസയായും അനുവദിക്കുന്നുണ്ട്. കലാവധി കഴിഞ്ഞാൽ സ്വയം പുതുക്കുന്ന സംവിധാനവും ഇതിനുണ്ട്. മലയാളികളടക്കം നിരവധി പേർക്ക് സമീപ മാസങ്ങളിൽ ഈ വിസ ലഭിച്ചിട്ടുണ്ട്.
ബിസിനസ് യാത്രക്കാർക്ക് ആറു മാസം വരെ കഴിയാനുള്ള അനുമതി, നേരിട്ടുള്ള കുടുംബാംഗങ്ങൾക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാനുള്ള അനുമതി, മാനുഷിക പരിഗണന അർഹിക്കുന്നവർക്ക് ഒരു വർഷം വിസ നീട്ടിനൽകും, രക്ഷിതാക്കൾക്ക് കുട്ടികളെ 25 വയസുവരെ സ്േപാൺസർ ചെയ്യാനുള്ള അനുമതി (നേരത്തെ ഇത് 18 ആയിരുന്നു) എന്നിവ പുതിയ റെസിഡൻസി ഭേദഗതിയിൽ പ്രധാനപ്പെട്ടതാണ്.
ഞായറാഴ്ച പ്രഖ്യാപിച്ച ഗ്രീൻ, ഫ്രീലാൻസ് വിസ സേവനങ്ങൾ വിദ്യാർഥികൾ, നിക്ഷേപകർ, ബിസിനസുകാർ, പ്രത്യേക വൈദഗ്ധ്യമുള്ളവർ എന്നിവരുൾപ്പെടെയുള്ളവർക്ക് പ്രയോജനപ്പെടും. പതിവ് താമസ വിസകളിൽ നിന്ന് വ്യത്യസ്തമായ ആനുകൂല്യങ്ങളും പദവികളും ഗ്രീൻ വിസക്കാർക്കുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കമ്പനിയുടെ ഭാഗമല്ലാതെ, സ്വന്തം നിലക്ക് നിലനിൽക്കാൻ ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.