ദുബൈ: എക്സ്പോ 2020 ദുബൈക്ക് വ്യാഴാഴ്ച സമാപനം കുറിക്കുമ്പോൾ, സന്ദർശകർക്കായി ഒരുങ്ങുന്നത് രാവ് പുലരുവോളം നീളുന്ന ആഘോഷ പരിപാടികൾ. കഴിഞ്ഞ വർഷം സെപ്റ്റംബർ 31ന് രാത്രിയിൽ പ്രത്യേക ക്ഷണിതാക്കളായ സദസ്സിനു മുന്നിൽ ഉദ്ഘാടനം ചെയ്യപ്പെട്ട മേള അവസാനിക്കുമ്പോൾ ലക്ഷക്കണക്കിന് സന്ദർശകർ ദൃക്സാക്ഷികളാകും. ലോകത്തിെൻറ നാലുദിക്കിൽനിന്നും എത്തിച്ചേർന്ന രണ്ടരക്കോടിയോളം സന്ദർശകർക്ക് മറക്കാനാവാത്ത കാഴ്ചാവിരുന്നാണ് ആറുമാസവും എക്സ്പോ ഒരുക്കിയത്. വിശ്വമേളയുടെ സമാപനദിനത്തിലെ എയർഷോയും വെടിക്കെട്ടും സംഗീത പരിപാടികളും മറ്റു വിനോദങ്ങളും സംയോജിപ്പിക്കുന്ന കലാശക്കൊട്ട് പൊതുജനങ്ങൾക്ക് നേരിൽ വീക്ഷിക്കാൻ വിപുലമായ സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിക്കഴിഞ്ഞു. രാത്രി ഏഴിന് അൽ വസ്ൽ പ്ലാസയിൽ ആരംഭിക്കുന്ന പ്രധാന ചടങ്ങുകൾ വീക്ഷിക്കുന്നതിന് എക്സ്പോ നഗരിയുടെ വിവിധ ഭാഗങ്ങളിൽ സ്ക്രീനുകൾ സ്ഥാപിക്കും. ജൂബിലി സ്റ്റേജ്, ഫെസ്റ്റിവൽ ഗാർഡൻ, സ്പോർട്സ് ഹബുകൾ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ പരിപാടി വീക്ഷിക്കാൻ സൗകര്യമുണ്ടാകും.
വി.ഐ.പി അതിഥികൾക്ക് മാത്രമായി നിശ്ചയിച്ച ഒരു ചെറിയ ഭാഗം ഒഴികെ അൽ വസ്ൽ പ്ലാസയിലും മറ്റെല്ലാ സ്ഥലങ്ങളിലും തടസ്സമില്ലാതെ പ്രവേശിക്കാൻ അനുവാദം ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വി.ഐ.പി അതിഥികളായി പങ്കെടുക്കുക യു.എ.ഇയിലെ വിവിധ സ്കൂൾ കുട്ടികളായിരിക്കും. എക്സ്പോയുടെ പൈതൃകം ഭാവിയിലേക്ക് എത്തിക്കേണ്ടവരെന്ന നിലയിലാണ് കുട്ടികളെ അതിഥികളായി തെരഞ്ഞെടുത്തത്. ചടങ്ങിൽ എക്സ്പോ പതാക 2025ലെ മേളയുടെ ആതിഥേയരായ ജപ്പാന് കൈമാറും. എക്സ്പോ ഉദ്ഘാടന ചടങ്ങിലെ ശ്രദ്ധേയസാന്നിധ്യമായ പെൺകുട്ടി തന്നെയായിരിക്കും സമാപന ചടങ്ങിനും തുടക്കം കുറിക്കുക. എ.ആർ. റഹ്മാെൻറ ഫിർദൗസ് ഓർക്കസ്ട്രയുടെ നേതൃത്വത്തിലായിരിക്കും യു.എ.ഇ ദേശീയ ഗാനമായ 'ഈഷി ബിലാദി' ആലപിക്കുക. പ്രശസ്ത സംഗീതജ്ഞരായ ഹറൂത്ത് ഫസ്ലിയൻ, എലെനോറ കോൺസ്റ്റാന്റിനി, ഗായിക ക്രിസ്റ്റീന അഗിലേറ എന്നിവരുടെ പരിപാടികൾ ചടങ്ങിെൻറ ആകർഷണമാണ്. എക്സ്പോ ടി.വി വഴി തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.
ദുബൈ: പുലർച്ചെ മൂന്നുവരെ നീളുന്ന എക്സ്പോയുടെ സമാപന ചടങ്ങുകൾ വീക്ഷിക്കുന്നതിന് സന്ദർശകർക്ക് എത്തിച്ചേരാൻ രാത്രി മുഴുവൻ ദുബൈ മെട്രോ സർവിസ് നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ എക്സ്പോ നഗരിയിലേക്ക് ആർ.ടി.എ ബസ് സർവിസുകളും വർധിപ്പിച്ചിട്ടുണ്ട്. പ്രത്യേക ബസുകളിൽ യാത്രചെയ്യുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായ സാഹചര്യത്തിലാണ് എണ്ണം കൂട്ടിയത്. സമാപന ചടങ്ങിന് ഏറെപേർ എത്തിച്ചേരുമെന്നതിനാൽ ബസുകളിൽ വ്യാഴാഴ്ച വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 10 ലക്ഷത്തിലേറെ പേരാണ് എക്സ്പോ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.