യു.വി. ഗോപകുമാർ

അവധിക്ക്​ നാട്ടിലെത്തി മരിച്ച ഗോപകുമാർ യാത്രയായത്​ അഞ്ചുപേർക്ക്​ പുതുജീവനേകി

ദുബൈ: അവധിക്ക്​ പോയി നാട്ടിൽവെച്ച്​ അപകടത്തിൽ മരിച്ച പ്രവാസി യുവാവ്​ യാത്രയായത്​ അഞ്ചുപേർക്ക്​ പുതുജീവനേകി. ചാലക്കുടി സ്വദേശി യു.വി. ഗോപകുമാറാണ്​ മരണത്തിലും അഞ്ച്​ ജീവന്​ തുണയായത്​. പരിയാരം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്​ മോതിരക്കണ്ണി ഊരേക്കാട്ട് വീട്ടില്‍ യു.ജി. വേലായുധന്‍റെ മകനാണ് ഗോപകുമാര്‍. യു.എ.ഇയിൽ സാമൂഹിക സേവനരംഗത്ത്​ സജീവമായിരുന്ന ഗോപകുമാർ ഓർമ സംഘടനയുടെ പ്രവർത്തകൻ ആയിരുന്നു.

ഒരുമാസത്തെ അവധിക്ക്​ നാട്ടിൽ പോയതായിരുന്നു. തിങ്കളാഴ്ച ആന്ത്രക്കാപ്പാടത്ത് വെച്ച്​ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗോപകുമാറിന് പരിക്കേറ്റു. തലക്ക്​ ഗുരുതര പരിക്കേറ്റ ഗോപകുമാറിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ്​ ആദ്യം എത്തിച്ചത്​. പിന്നീട്​ വിദഗ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ന്യൂറോ സര്‍ജറി വിഭാഗത്തിൽ ചികിത്സയിലിരിക്കെ 13ന് അർധരാത്രിയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

പിന്നീട് വീട്ടുകാർ അവയവദാനത്തിന്​ സമ്മതിച്ചതോടെ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കേരള നെറ്റ്​വർക്ക്‌ ഫോര്‍ ഓര്‍ഗന്‍ ഷെയറിങില്‍ അറിയിച്ചു. മഞ്ഞപ്പിത്തം ബാധിച്ച്​ ചികിത്സയില്‍ കഴിഞ്ഞിരുന്ന സാനിയ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാർഥിനിക്കാണ് ഗോപകുമാറിന്‍റെ കരള്‍ മാറ്റിവെച്ചത്. രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശി ഒരു വൃക്ക സ്വീകരിച്ചു. രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിക്ക് നൽകി. ഹൃദയവും കോര്‍ണിയയും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും ദാനം ചെയ്തു.

ഓർമയുടെ ജാഫ്സ മേഖല പ്രവർത്തകനായിരുന്നു ഗോപകുമാര്‍. മകൻ നഷ്ടപ്പെട്ട തീരാദുഃഖത്തിനടയിലും മാനവിക മൂല്യങ്ങൾ ഉയർത്തിപിടിച്ച്‌ നിരവധി പേർക്ക്‌ പുതുജീവൻ പകർന്ന് നൽകാൻ സഹായകമായ തീരുമാനമെടുത്ത കുടുംബത്തെ സമൂഹം ചേർത്ത്‌ പിടിക്കണമെന്ന് ഓർമ ഭാരവാഹികൾ അഭ്യർഥിച്ചു.

Tags:    
News Summary - Gopakumar's organs were donated to five people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT