ദുബൈ: ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ലോക്കൽ ഗവൺമെന്റുകളുടെ പട്ടികയിൽ ദുബൈക്ക് ലോകത്ത് അഞ്ചാംസ്ഥാനം. അറബ് ലോകത്ത് ഒന്നാം സ്ഥാനവും ദുബൈ നേടി. ഈ വർഷത്തെ ലോക്കൽ ഗവൺമെന്റ് ഓൺലൈൻ സർവിസ് ഇൻഡക്സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇൻഡക്സിലെ വിവരങ്ങൾ ട്വീറ്റ് ചെയ്തത്.
രണ്ട് പതിറ്റാണ്ടിലേറെ നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇൻഡക്സ് തയാറാക്കിയതെന്ന് വെബ്സൈറ്റിൽ പറയുന്നു. ആഗോളതലത്തിൽ ബെർലിനാണ് ഒന്നാംസ്ഥാനം. മഡ്രിഡ്, ടോളിൻ, കോപൻഹേഗൻ എന്നിവർ തൊട്ടുപിറകിലെത്തി.
ഏഴ് അറബ് രാജ്യങ്ങളിലുൾപ്പെടെ 40 രാജ്യങ്ങളിലാണ് പഠനം നടന്നത്. ദുബൈയിലെ സർക്കാർ ഓഫിസുകളെ നേരത്തേ പേപ്പർരഹിതമായി പ്രഖ്യാപിച്ചിരുന്നു. എല്ലാ സർക്കാർ ഓഫിസുകളും പൂർണമായും ഡിജിറ്റലൈസ് ചെയ്ത ശേഷമായിരുന്നു പ്രഖ്യാപനം.
അപേക്ഷ നൽകുന്നത് മുതൽ അത് പാസാകുന്നതുവരെ എല്ലാ പ്രക്രിയകളും ഡിജിറ്റലാക്കി. ഇതിനായി ഓരോ സർക്കാർ സേവനങ്ങൾക്കും ആപ്പുകളും വെബ്സൈറ്റുകളുമുണ്ട്. പേപ്പറുകൾക്കു പുറമെ ഉപഭോക്താക്കളുടെ സമയവും യാത്രയും ലാഭിക്കുന്ന രീതിയിലാണ് ദുബൈയിലെ ഡിജിറ്റൽ സേവനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.