ഷാർജ: ഇന്ധന സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് കാമ്പയിനുമായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. എമിറേറ്റിലെ ഡീസൽ ടാങ്ക് സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് പരിപാടി ലക്ഷ്യംവെക്കുന്നത്. ഇതിന്റെ ഭാഗമായി അൽ സജ ഇൻഡസ്ട്രിയൽ മേഖലയിൽ പരിശോധനക്ക് കഴിഞ്ഞ ദിവസം തുടക്കമായി. ഖാലിദ് പോർട്, അൽ ഹംരിയ തുടങ്ങിയ ഫ്രീസോണുകളിലും അടുത്ത ദിവസങ്ങളിൽ പരിശോധന നടക്കും. ഇന്ധന സംഭരണം ശരിയായ രീതിയിലല്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നതിനൊപ്പം ഇന്ധനസംഭരണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ജീവന്റെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാണ് പരിശോധന ക്രമീകരിച്ചിട്ടുള്ളത്.
ജൂൺ മാസത്തിലാണ് പരിശോധനയുടെ ആദ്യഘട്ടം സജയിൽ ആരംഭിച്ചത്. ഇതിൽ ആകെ 155 കമ്പനികളിൽ പരിശോധന നടത്തിയിട്ടുണ്ട്. 15 സ്ഥാപനങ്ങളിൽ ഇതിനിടെ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 10 കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുകയും 90 ദിവസത്തിനുള്ളിൽ നിർദേശിച്ച സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കാനും നിർദേശിച്ചിട്ടുമുണ്ട്. അംഗീകാരമില്ലാത്ത ടാങ്കുകൾ, ശരിയല്ലാത്ത സംഭരണ രീതികൾ, സുരക്ഷ അലാറങ്ങൾ ഇല്ലാത്തത് എന്നിവയടക്കമുള്ള നിയമലംഘനങ്ങളാണ് പലയിടത്തും കണ്ടെത്തിയിട്ടുള്ളത്. മുന്നറിയിപ്പ് നൽകിയ സ്ഥാപനങ്ങളിൽ നിശ്ചിത സമയത്തിന് ശേഷം വീണ്ടും സന്ദർശനം നടത്തി പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. രണ്ടാം തവണയും അനുചിതമായ സംവിധാനം തുടരുന്നത് ശ്രദ്ധയിൽപെട്ടാൽ പൊലീസിനെ അറിയിച്ച് വിഷയം കോടതിക്ക് മുന്നിലേക്ക് കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.