ദുബൈ: നഴ്സിങ് മേഖലയിലെ തൊഴിൽ തട്ടിപ്പുകൾ തടയാൻ സർക്കാറുകൾ ശ്രദ്ധിക്കണമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയൻമാൻ ഡോ. ആസാദ് മൂപ്പൻ. ദുബൈയിൽ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് ചടങ്ങിന് ശേഷം വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ നഴ്സുമാരുടെ ലഭ്യതയും ആവശ്യവും തമ്മിൽ വലിയ അന്തരമുണ്ട്. ഈ സാഹചര്യത്തിൽ റിക്രൂട്ട്മെന്റുകൾ കൂടുതലായി നടക്കുന്നതിനാൽ തട്ടിപ്പുകൾ പൂർണമായും തടയുന്നത് എളുപ്പമല്ല. നഴ്സുമാർ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ ആധികാരികമാണെന്ന് നിയമന സമയത്ത് ഉറപ്പുവരുത്തേണ്ടതുണ്ട്. അതേസമയം സർക്കാറുകൾ നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി തട്ടിപ്പുകൾ നിയന്ത്രിക്കേണ്ടതുമുണ്ട്. ഫിലിപ്പീൻസ് ഇത്തരം കാര്യങ്ങളിൽ മാതൃകാപരമായ രാജ്യമാണ്. അവർ വളരെ ശക്തമായ നടപടിക്രമങ്ങളാണ് ഇതിനായി സ്വീകരിക്കുന്നത്. ഈ മാതൃകയിൽ എല്ലാ സർക്കാറുകളും ചൂഷണം തടയുന്നതിനായി ശ്രമിക്കേണ്ടതുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു. നഴ്സിങ് മേഖലയിൽ പഠനത്തിന് കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും ആസ്റ്റർ സ്വന്തം സ്ഥാപനങ്ങളിലൂടെ ആരോഗ്യ മേഖലയിൽ മനുഷ്യവിഭവങ്ങളെ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.