അബൂദബി: യു.എ.ഇ സാംസ്കാരിക പൈതൃകങ്ങളുടെ വാര്‍ഷികാഘോഷങ്ങളുമായി 21ാമത് അബൂദബി ഇന്റര്‍നാഷനല്‍ ഹണ്ടിങ് ആന്‍ഡ് ഇക്വേസ്ട്രിയന്‍ എക്സിബിഷന്(അഡിഹെക്സ്) അബൂദബിയില്‍ പ്രൗഢ തുടക്കം.
ഒട്ടക, ഫാൽക്കണ്‍ ലേലവും മരുഭൂ ജീവിതത്തെക്കുറിച്ചറിയാനുള്ള അവസരവും സന്ദര്‍ശകര്‍ക്കായി അഡിഹെക്സ് ഒരുക്കിയിട്ടുണ്ട്. അബൂദബി ദേശീയ എക്സിബിഷന് സെന്ററില്‍ ശനിയാഴ്ച തുടങ്ങിയ അഡിഹെക്സ് ഒമ്പതു ദിവസം നീണ്ടുനീല്ക്കും.
ഫാൽക്കണ്‍ പരിപാലനം, വേട്ടയാടല്‍, ഇക്വേസ്ട്രിയന്‍ സ്പോര്‍ട്സ്, ഫിഷിങ്, പരിസ്ഥിതി സംരക്ഷണം, സംസ്കാരം തുടങ്ങി ഒട്ടേറെ പരിപാടികളാണ് അഡിഹെക്സ് വേദിയില്‍ ഒരുക്കിയിരിക്കുന്നത്.
11 വ്യത്യസ്ത മേഖലകളില്‍ നിന്നായി ആയിരക്കണക്കിന് ബ്രാന്‍ഡുകള്‍ അഡിഹെക്സില്‍ പങ്കാളികളാവുന്നുണ്ട്. ഫാൽക്കണ്‍ സൗന്ദര്യ മത്സരം, അറേബ്യന്‍ സലൂകി സൗന്ദര്യ മത്സരം, മികച്ച ഒട്ടകങ്ങളുടെയും ഫാൽക്കണ്‍ ബ്രീഡുകളുടെയും ലേലവും ഇതോടൊപ്പം നടത്തും.
പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ വേട്ട, കുതിരസവാരി, പൈതൃകസംരക്ഷണ പ്രദര്‍ശനമായ അഡിഹെക്സിൽ മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ തവണ 25 മടങ്ങ് പ്രദര്‍ശകർ എത്തിച്ചേര്‍ന്നിരുന്നു. വേട്ട, കുതിരയോട്ടം, മറ്റ് പരമ്പരാഗത കായിക പരിപാടികള്‍ തുടങ്ങിയ വിപുലമായ പരിപാടികളാണ് മേളയിൽ സജ്ജീകരിക്കാറുള്ളത്.
വേട്ടയാടല്‍, ക്യാമ്പിങ്, ക്യാമ്പിങ് ഉപകരണങ്ങള്‍, വേട്ടയാടുന്നതിനുള്ള തോക്കുകള്‍, പരിസ്ഥിതി സംരക്ഷണം, സാംസ്കാരിക പൈതൃകം, മത്സ്യബന്ധന ഉപകരണങ്ങള്‍, മറൈന്‍ സ്പോര്‍ട്സ് തുടങ്ങിയ മേഖലകളിലാണ് അഡിഹെക്സ് പ്രദര്‍ശനം ശ്രദ്ധയൂന്നുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.