ദുബൈ: ഭക്ഷ്യമേഖലയിലെ ആഗോള വിപണികളെ ലോകത്തിനു മുന്നിൽ തുറന്നിടുന്ന ‘ഗൾഫുഡി’ന് ദുബൈയിൽ പ്രൗഢ തുടക്കം. 29ാമത് എഡിഷനാണ് തിങ്കളാഴ്ച വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേള ഉദ്ഘാടനം ചെയ്തു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനൊപ്പമാണ് അദ്ദേഹം മേളക്കെത്തിയത്. അതേസമയം, മേളയുടെ ആദ്യദിനംതന്നെ ലോക വ്യാപാര കേന്ദ്രത്തിലേക്ക് സന്ദർശകരുടെ കുത്തൊഴുക്കായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രദർശകരുടെ എണ്ണത്തിൽ ഇത്തവണ 49 ശതമാനം വർധനയുണ്ട്. 190 രാജ്യങ്ങളിൽ നിന്നായി 5,500 കമ്പനികൾ ഇത്തണ പ്രദർശനത്തിന്റെ ഭാഗമാണ്.
ഇന്ത്യയിൽനിന്നുള്ള പ്രമുഖ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും. ഒന്നര ലക്ഷം പ്രതിനിധികളാണ് മേളയിലെത്തുക. 10 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ 27 ഹാളുകളിലായി ആരംഭിച്ച മേളയിൽ എട്ട് മേഖലകളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം പുതിയ ഉൽപന്നങ്ങളും നൂതനാശയങ്ങളും ഇവർ പ്രദർശിപ്പിക്കും. ഭക്ഷ്യ പ്രദർശനത്തോടൊപ്പം സുസ്ഥിരമായ ആശയങ്ങളും പ്രകൃതിസൗഹൃദ പദ്ധതികളും കമ്പനികൾ അവതരിപ്പിക്കും. പുതിയ കമ്പനികൾക്ക് പരസ്പരം ചർച്ച ചെയ്യാനും സഹകരണ കരാറുകളിലെത്താനും മേളയെ ഉപയോഗപ്പെടുത്താം. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ മിക്ക ബ്രാൻഡുകളും എത്തിച്ചേരുന്ന മേളയിൽ കഴിഞ്ഞ വർഷത്തേക്കാൾ റെക്കോഡ് എണ്ണം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. പ്രദർശനവും വിൽപനയും നിക്ഷേപസാധ്യതകളും തുറന്നിടുന്ന മേളയിൽ ഭക്ഷ്യ ഉൽപന്ന മേഖലയിലെ പുതിയ സാധ്യതകളും പദ്ധതികളും ചർച്ചചെയ്യും.
ലോകപ്രശസ്തരായ സെലിബ്രിറ്റി ഷെഫുമാരും പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഭക്ഷ്യരുചികൾ തേടി അഞ്ചു ദിവസവും സന്ദർശകർ ദുബൈയിലേക്കൊഴുകും. സന്ദർശകർക്കായി പ്രത്യേക ഗതാഗത സംവിധാനങ്ങളും ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഒരുക്കിയിട്ടുണ്ട്. രാവിലെ മുതൽ മെട്രോകളിലും ബസുകളിലും വൻ തിരക്കായിരുന്നു. ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നുള്ള രുചിയുടെ വകഭേദങ്ങൾ പരിചയപ്പെടാനും പുതിയ ബിസിനസ് സാധ്യതകളെ അടുത്തറിയാനും നൂറുകണക്കിന് പ്രതിനിധികളാണ് ആദ്യദിനം എത്തിയത്. ഏറ്റവും വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ പ്രദർശനത്തോടൊപ്പം രുചിച്ചറിയാനും സന്ദർശകർക്ക് അവസരമുണ്ട്. അഞ്ചു ദിവസങ്ങളിലായി ശതകോടികളുടെ ബിസിനസ് കരാറുകൾ മേളയിൽ ഒപ്പുവെക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.