ദുബൈ: പരിസ്ഥിതി സംരക്ഷണ നടപടികളിൽ ദുബൈ നഗരം എന്നും ലോകത്തിന് മാതൃകയാണ്. ഇതിന്റെ തുടർച്ചയെന്നോണം പോയ വർഷം മാത്രം എമിറേറ്റിലെ വിവിധയിടങ്ങളിലായി മുനിസിപ്പാലിറ്റി നട്ടത് 1,85,000 മരങ്ങൾ. അതായത് പ്രതിദിനം 500ലധികം മരങ്ങൾ.
ഇതുവഴി ദുബൈ നഗരത്തിലെ ഹരിത ഇടങ്ങൾ 243 ഹെക്ടറായി വർധിപ്പിക്കാൻ അധികൃതർക്ക് സാധിച്ചു. 2022ൽ 170 ഹെക്ടറായിരുന്നു. നാച്വറൽ റിസർവുകൾ, റോഡുകൾ, പാർക്കുകൾ തുടങ്ങിയവ ഉൾപ്പെടെ 210 സ്ഥലങ്ങളിലാണ് മരങ്ങൾ വെച്ചുപിടിപ്പിച്ചത്.
ഖാഫ്, സിദ്ർ, സുമർ, നീം, ഒലീവ്, സമോറോവ പാം, ഇന്ത്യൻ ജാസ്മിൻ, ഈന്തപ്പന തുടങ്ങിയവ ഉൾപ്പെടെ പ്രാദേശികമായ വിവിധയിനം മരങ്ങൾ ഉൾപ്പെടും. വാഷിങ്ടോണിയ, ബിസ്മാർക്കിയ, സ്യൂഡോബോംബാക്സ്, പോയിൻസിയാന, ബൊഗൈൻവില്ല, അക്കേഷ്യ ഫാർനേസിയാന, ഡാർസിന തുടങ്ങി സമൃദ്ധമായ പച്ചപ്പ് നൽകുന്ന സസ്യജാലങ്ങൾക്ക് പേരുകേട്ട മരങ്ങളും പുതുതായി വെച്ചുപിടിപ്പിച്ചവയിലുണ്ട്.സുസ്ഥിര പ്രകൃതി സംരക്ഷണത്തിലേക്കുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ നയങ്ങളിൽ പ്രധാനമാണ് ഹരിത ദുബൈ എന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുകയും അവയുടെ ഉപയോഗം ആവശ്യത്തിനായി പരിമിതപ്പെടുത്തുകയും കാർബൺ ബഹിർഗമനം കുറക്കുകയും അതുവഴി പ്രകൃതിയെ സംരക്ഷിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിനോദത്തിനും വിശ്രമത്തിനും ഹരിത ഇടങ്ങൾ സൃഷ്ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും പുതിയ സംരംഭം ഗണ്യമായ സംഭാവനയാണ് നൽകുന്നത്. അതോടൊപ്പം ഭാവി തലമുറക്കായി പരിസ്ഥിതിയെ സംരക്ഷിക്കാനും സാംസ്കാരിക ആകർഷണീയത നിലനിർത്താനും ഇത്തരം സംരംഭങ്ങൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.