അബൂദബി: അബൂദബിയില്‍ നിലവില്‍ 50 ലക്ഷം മരങ്ങളുണ്ടെന്ന് അബൂദബി മുനിസിപ്പല്‍ അതോറിറ്റി. ആളൊന്നിന് 2.7 മരങ്ങളെന്ന തോതിലാണ് ഇത്. അബൂദബി നഗരത്തിന്റെ ഏഴു ശതമാനവും അല്‍ഐനിന്റെ 15 ശതമാനവും അല്‍ ദഫ്രയുടെ 30 ശതമാനവുമാണ് മരങ്ങള്‍ ഉള്ളതെന്നും അബൂദബി നഗര, ഗതാഗതവകുപ്പ് വ്യക്തമാക്കി. യു.എ.ഇ ദേശീയ വൃക്ഷമായ ഗഫാണ് എമിറേറ്റിലെ മരങ്ങളില്‍ കൂടുതലും. ഗഫ് മരങ്ങള്‍ക്കൊപ്പം നീം, പാം, സമര്, അരക് വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം അബൂദബി നഗരവകുപ്പിനുള്ളതാണ്. എമിറേറ്റിലെ കാലാവസ്ഥക്കനുസൃതമായി വൃക്ഷങ്ങളുടെ നിലനില്പ് പഠനവിധേയമാക്കിയശേഷമാണ് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത്.
10 വര്‍ഷത്തിനിടെ അബൂദബിയിലെ കണ്ടല്‍ക്കാട് മേഖല 35 ശതമാനം വര്‍ധിച്ചിച്ചിട്ടുണ്ട്. 176 ചതുരശ്ര കിലോമീറ്ററിലാണ് അബൂദബിയിലെ കണ്ടല്‍ക്കാട് വ്യാപിച്ചുകിടക്കുന്നത്. 50 പരിസ്ഥിതി സംരക്ഷിത കേന്ദ്രങ്ങളാണ് യു.എ.ഇയിലുള്ളത്. അബൂദബിയിലെ അല്‍ വത്ബ ഡെസേര്‍ട്ട് ഡ്യൂണ്‍ സംരക്ഷിതകേന്ദ്രമാണ് ഈ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ജുബൈല്‍ ദ്വീപില്‍ കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. വരുന്ന 10 വര്‍ഷത്തിനുള്ളിലാണ് കണ്ടല്‍ക്കാടുകള്‍ ദ്വീപില്‍ നട്ടുപിടിപ്പിക്കുക. 19 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ജുബൈല്‍ കണ്ടല്വൃക്ഷ പാര്‍ക്കിലെ മരങ്ങള്‍ക്ക് പ്രതിവര്‍ഷം 1150 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനാവും.
2030ഓടെ 10 കോടി കണ്ടല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയെന്ന യു.എ.ഇയുടെ പദ്ധതിയുടെ ഭാഗമായാണ് ജുബൈല്‍ ദ്വീപിലെ മരംനടല്‍.
പരമ്പരാഗതരീതിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ദുഷ്കരമായ ഇടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് കണ്ടല്‍ക്കാടുകളുടെ വിത്തുകള്‍ നട്ടും അബൂദബി വാര്ത്തകളിലിടംനേടുകയുണ്ടായി. മിര്‍ഫ ലഗൂണില്‍ 35,000ത്തിലേറെ കണ്ടല്വിത്തുകളാണ് അബൂദബി വിതറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.