ദുബൈ: യു.എ.ഇ സ്വദേശി വനിതകളുടെ നേതൃത്വത്തിലുള്ള വിവിധ സംരംഭങ്ങൾ വളർച്ച കൈവരിക്കുന്നതായി സർവേ റിപ്പോർട്ട്. കാൽ ലക്ഷത്തോളം ഇമാറാത്തി വനിത സംരംഭകർ കഴിഞ്ഞവർഷം മാത്രം 60 ശതകോടി ദിർഹം മൂല്യമുള്ള 50,000 ബിസിനസുകൾ സ്വന്തമാക്കിയെന്ന് പഠനത്തിൽ പറയുന്നു. ഷാർജ ആസ്ഥാനമായുള്ള സ്ഥാപനമായ ‘നാമ’ വിമൻ അഡ്വാൻസ്മെൻറ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ 11 വർഷത്തിനുള്ളിൽ മാത്രം സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകളുടെ മൂല്യം അഞ്ചിരട്ടിയായാണ് വർധിച്ചത്. 2010ൽ 12 ശതകോടി ദിർഹം മൂല്യമുള്ള 11,000 ബിസിനസുകളാണ് വനിതകളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതെങ്കിൽ 2019ൽ ഇത് 23,000 സ്ത്രീകൾ 50 ശതകോടി ദിർഹം മൂല്യമുള്ള ബിസിനസിലേക്ക് വർധിച്ചു. യു.എ.ഇയിലെ പുതിയ ബിസിനസ് മേഖലകളിലേക്ക് സ്ത്രീകൾ കൂടുതലായി കടന്നു വരുന്നതായും സംരംഭങ്ങൾ വിജയിപ്പിച്ചെടുക്കുന്നതുമായാണ് പഠനത്തിൽ വെളിപ്പെടുന്നത്.
കഴിഞ്ഞ ദശകത്തിൽ സ്വീകരിച്ച നിയമപരവും നയപരവുമായ നടപടികൾ നടപ്പാക്കിയതോടെ ലിംഗസമത്വം മെച്ചപ്പെട്ടതായും ഇത് വ്യക്തമാക്കുന്നു. മൈക്രോബിസിനസ് സംരംഭകത്വത്തിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ബിസിനസ് വുമൺ കൗൺസിലുകളാണ്. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങളും ഗൃഹാധിഷ്ഠിത പ്രവർത്തനങ്ങളും ആയിരക്കണക്കിന് വനിത സംരംഭകർക്ക് അവരുടെ സ്വന്തം ബിസിനസുകൾ തുടങ്ങാനുള്ള അവസരം നൽകിയെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. യു.എ.ഇയിലെ 77.6 ശതമാനം സ്ത്രീ ഉടമസ്ഥതയിലുള്ള ബിസിനസുകളും നയിക്കുന്നത് 40 വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.