ദുബൈ: 64 രാഷ്ട്രങ്ങളിൽനിന്നുള്ള 16,367 പേർ കൈമുദ്ര പതിച്ച് ഒമ്പത് മീറ്റർ വീതിയും 18 മീറ്റർ നീളവുമുള്ള ചതുർവർണ യു.എ. ഇ പതാക നിർമിച്ച് പെയ്സ് എജുക്കേഷൻ ഗ്രൂപ്പിന് പുതിയ ഗിന്നസ് റെക്കോഡ്. യു.എ.ഇ 50ാം ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായാണ് പതാക നിർമിച്ചത്. പെയ്സ് എജുക്കേഷൻ ഗ്രൂപ്പിെൻറ കീഴിലുള്ള ആറു കലാലയങ്ങളിലെ വിദ്യാർഥികളാണ് ഗിന്നസ് പരിശ്രമത്തിൽ പങ്കാളികളായത്. പതാകയിലെ നാല് വർണങ്ങളുടെയും കളറുകൾ കാൻവാസിൽ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും മുദ്രണം ചെയ്യുകയായിരുന്നു.
ഷാർജ മുവൈലയിലെ ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ ഗിന്നസ് പ്രതിനിധിയാണ് റെക്കോഡ് പ്രഖ്യാപിച്ചത്. നേരത്തേ വിദ്യാർഥികളെ അണിനിരത്തി സ്പേസ് റോക്കറ്റ് നിർമിച്ച് പെയ്സ് ഗ്രൂപ് ഗിന്നസ് റെക്കോഡ് നേടിയിരുന്നു. ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഷാർജയിലെ വിദ്യാർഥികൾക്കൊപ്പം ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ ഷാർജ, ക്രിയേറ്റിവ് ബ്രിട്ടീഷ് സ്കൂൾ അബൂദബി, പെയ്സ് ഇൻറർനാഷനൽ സ്കൂൾ ഷാർജ, ഡൽഹി പ്രൈവറ്റ് സ്കൂൾ അജ്മാൻ, പെയ്സ് ബ്രിട്ടീഷ് സ്കൂൾ ഷാർജ, പെയ്സ് മോഡേൺ ബ്രിട്ടീഷ് സ്കൂൾ ദുബൈ എന്നിവിടങ്ങളിലെ വിദ്യാർഥികളും പങ്കാളികളായി.
ഗ്രൂപ് ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഗിന്നസ് പ്രതിനിധി അഹമ്മദ് ബുച്ചീരിയാണ് ഗിന്നസ് റെക്കോഡ് പ്രഖ്യാപനം നടത്തിയത്. എല്ലാവർക്കും വളരാനുള്ള സാഹചര്യം ഒരുക്കുകയും ലോകത്തെ മുൻനിര രാജ്യമായി വികസിക്കുകയും ചെയ്ത യു.എ.ഇയുടെ സുവർണജൂബിലി ആഘോഷത്തിൽ പങ്കുചേരുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് പി.എ. ഇബ്രാഹിം ഹാജി പറഞ്ഞു. ഗിന്നസ് റെക്കോഡ് ശ്രമത്തിൽ പങ്കാളികളായ മുഴുവൻ വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും അധ്യാപകരും അനധ്യാപകരുമായ മുഴുവൻ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.
പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, എക്സിക്യൂട്ടിവ് ഡയക്ടർ സുബൈർ ഇബ്രാഹിം, ഡയക്ടർമാരായ ലത്തീഫ് ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, മറ്റു സ്കൂൾ പ്രിൻസിപ്പൽമാരായ നസ്രീൻ ബാനു, മുഹ്സിൻ കട്ടയാട്ട്, ഡോ. വിശാൽ കട്ടാരിയ, എമ്മാ ഹെൻഡേഴ്സൻ, ഗ്രഹാം ഹോവൽ തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫാന മുഈസ്, സീനിയർ അഡ്മിൻ മാനേജർ സഫാ അസദ് എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.