മഹാമാരിയുടെ കാലത്ത് തണൽ വിരിച്ചു നിന്ന യുവാക്കളെ സ്തുതിക്കാതെ ഈ വർഷത്തെ യുവജന ദിനം പൂർണമാവില്ല. യു.എ.ഇയിൽ ക്രമംതെറ്റിച്ച് കുതിച്ചുപാഞ്ഞ കോവിഡിനെ പിടിച്ചു കെട്ടിയത് ഇവിടെയുള്ള യുവജനതയുടെ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തനങ്ങളാണ്. കരിപ്പൂരിൽ സ്വന്തം ആരോഗ്യം വകവെക്കാതെ ദുരന്തമുഖത്തേക്കിറങ്ങിയ യുവാക്കളെ പോലെ യു.എ.ഇയിലെ ലേബർ കാമ്പുകളിലും വീടുകളിലും പ്രാന്തപ്രദേശങ്ങളിലും കോവിഡിനെതിരായ പോരാട്ടത്തിൽ യുവജനത തന്നെയായിരുന്നു മുൻപന്തിയിൽ. കോവിഡ് ബാധിതർക്ക് ചികിത്സയും ഭക്ഷണവും മാനസീക പിന്തുണയും അർപ്പിച്ച് ചേർത്ത് പിടിച്ചവരാണ് ഇവിടെയുള്ള യുവത്വം. ആരോഗ്യ പ്രവർത്തകർക്കും പൊലീസിനുമൊപ്പം ചേർന്ന് മലയാളി യുവാക്കൾ നടത്തിയ പ്രയത്നത്തിെൻറ കൂടി ഫലമായാണ് നാം ഇന്ന് പുറത്തിറങ്ങി നടക്കുന്നത്.
മലയാളി സംഘടനകളുടെ എല്ലാ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിലും 90 ശതമാനവും 40 വയസിൽ താഴെയുള്ള യുവാക്കളായിരുന്നു. അണു നശീകരണ പ്രവർത്തനങ്ങൾക്കും ക്വാറൻറീൻ സൗകര്യമൊരുക്കുന്നതിനും രോഗികളെ സുരക്ഷിത താവളങ്ങളിലേക്കു മാറ്റുന്നതിനും മാനസികവും സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം ഒരുക്കുന്നതിലും യുവതീ യുവാക്കൾ വഹിച്ച പങ്കിനെ കണ്ടില്ലെന്നു നടിക്കാൻ കഴിയില്ല. കോവിഡ് രോഗ പകർച്ചവ്യാധിമൂലം പ്രതിസന്ധി നേരിട്ടവരാണ് ഇവരെല്ലാം. തൊഴിൽ നഷ്ടപ്പെട്ടവരും ശമ്പളം വെട്ടിക്കുറച്ചവരും പോലും സ്വന്തം വിഷമങ്ങൾ മറന്ന് തെരുവിലേക്കിറങ്ങി. ഈ രാജ്യത്തെ യുവപൗരൻമാർക്കും ആരോഗ്യ പ്രവർത്തകർക്കുമൊപ്പം ചേർന്നായിരുന്നു അവരുടെ പ്രവർത്തനം.
അടിയന്തിര സാഹചര്യങ്ങളിൽ മുന്നണിപ്പോരാളികളായി പ്രവർത്തിക്കാനുള്ള പരിശീലനവും നുതന വഴികളും യുവ ജനതക്ക് പകർന്ന് നൽകണമെന്നതിെൻറ തെളിവാണ് ഈ കോവിഡ് കാലം. അതുകൊണ്ടാണ് ഇത്തവണത്തെ അന്താരാഷ്ട്ര യുവജന ദിനത്തിൽ ഇത് ചർച്ച ചെയ്യുന്നത്്.
സ്ഫോടനത്തിെൻറ ദുരിതം അനുഭവിക്കുന്ന ലബനൻ ജനതക്കുള്ള പിന്തുണ ഉറപ്പാക്കുന്നതിനായി തുടങ്ങിയ 'യു.എ.ഇ ഫോർ ലെബനാൻ' വളൻറിയേഴ്സ് കാമ്പയിനിലും യുവത്വത്തിനാണ് പ്രാമുഖ്യം. ലെബനൻ ജനതയ്ക്ക് അവശ്യസാധനങ്ങൾ ശേഖരിക്കുന്നതുൾപ്പെടെയുള്ള സേവനം ഈ മാസം 25 വരെയാണ് യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും നടക്കുന്നത്. എൻജിനീയറിങ് രംഗത്ത് പ്രവർത്തിക്കുന്ന ഇമറാത്തികളെയും താമസക്കാരെയും ഏകോപിച്ച് ലെബനൻ പുനർനിർമ്മാണ പദ്ധതിക്കാവശ്യമായ സേവനം നൽകാനും വിതരണം ചെയ്യാനും ആവശ്യപ്പെടുന്ന സംരഭത്തിൽ യുവാക്കളാണ് മുന്നിട്ടിറങ്ങിയിട്ടുള്ളത്. ആഗസ്റ്റ് 15 നും സെപ്റ്റംബർ 12 നും ഇടയിൽ ലെബനനിൽ യു.എ.ഇയിലെ യുവ സന്നദ്ധപ്രവർത്തകർ സജീവമാകും.
ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും പുതുമകൾ സൃഷ്ടിക്കാനും സമൂഹിക ക്ഷേമത്തിന് സംഭാവന നൽകാനും യുവതി-യുവാക്കളെ പ്രാപ്തരാക്കുന്നതിന് യു.എ.ഇ മുന്നിലാണ്. അവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും അവരുടെ കാഴ്ചപ്പാടുകൾ പങ്കിടുകയും ചെയ്യുന്നതിന് യു.എ.ഇ ഒട്ടേറെ നടപടികൾ കൈക്കൊണ്ടു. യുവ സമൂഹത്തിൽ മൂല്യങ്ങൾ ശക്തിപ്പെടുത്താനും ദേശസ്നേഹവും ഭക്തിയും വർധിപ്പിക്കാനും ശ്രമിക്കുന്നു. തീവ്രവാദത്തിന് സ്ഥാനമോ ഭാവിയോ ഇല്ലാത്ത മിതത്വവും സഹിഷ്ണുതയുമുള്ള സമൂഹത്തെ സ്വീകരിക്കാൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണ്. യു.എ.ഇയിലെ സഹിഷ്ണുത ലോകത്തിന് മാതൃകയായതും അതുകൊണ്ടാണ്.
30 വയസിൽ താഴെയുള്ള ഒരു സ്വദേശിയെ എങ്കിലും ഫെഡറൽ ഗവൺമെൻറ് കമ്പനികളുടെ ബോർഡുകളിൽ ചേർക്കണമെന്ന നിബന്ധനയും യു.എ.ഇയിലുണ്ട്. 35 വയസിൽ താഴെയുള്ള ജീവനക്കാരെ വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ ഔദ്യോഗിക സർക്കാർ മിഷനുകളുടെ പ്രതിനിധികളായി പങ്കെടുക്കുന്ന നയവുമുണ്ട് ഈ രാജ്യത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.