അബൂദബി: വായു ശുദ്ധീകരണത്തിനുള്ള ടവർ അബൂദബിയില്‍ തുറന്നു. ഗൾഫിൽ ആദ്യമായാണ് എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിക്കുന്നത്.ഹുദൈരിയാത്ത് ദ്വീപിലാണ് ടവർ പ്രവർത്തനം തുടങ്ങിയത്. മണിക്കൂറില്‍ ചുറ്റുപാടുമുള്ള 30,000 ക്യൂബിക് മീറ്റർ വായു ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് ഈ ടവർ.
വൈകാതെ അബൂദബിയില്‍ കൂടുതല്‍ ഇടങ്ങളില്‍ ടവര്‍ സ്ഥാപിക്കുമെന്ന് പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി) അധികൃതര്‍ വ്യക്തമാക്കി. മോഡോണ്‍ പ്രോപ്പര്‍ട്ടീസുമായി സഹകരിച്ചാണ് പദ്ധതി. അബൂദബിയിലെ വായു ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന് പരിസ്ഥിതി ഏജന്‍സി വൈസ് ചെയര്മാന് മുഹമ്മദ് അഹമ്മദ് അല്‍ ബൊവാര്‍ദി പറഞ്ഞു.കൂടുതല്‍ ആളുകളെത്തുന്ന സ്ഥലമായതിനാലാണ് ഹുദൈരിയാത്ത് ദ്വീപില്‍ ആദ്യ ടവര്‍ സ്ഥാപിച്ചത്.
വായു മലിനീകരണത്തെക്കുറിച്ച് ആകുലപ്പെടാതെ ആളുകള്‍ക്ക് പുറത്തേക്കിറങ്ങാനും കൂടുതല്‍ സമയം പ്രദേശത്ത് ചെലവഴിക്കാനുമാകുമെന്ന് പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ ശൈഖ അല്‍ ദഹേരി വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും വന്യജീവികള്‍, സമുദ്രജീവികള്‍, പ്രകൃതിവിഭവങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനുമായി അബൂദബി പരിസ്ഥിതി ഏജന്‍സിയും മോഡോണ്‍ പ്രോപ്പര്‍ട്ടീസും നേരത്തേ ധാരണപത്രം ഒപ്പിട്ടിരുന്നു. ലോകത്ത് ചൈന, നെതര്‍ലന്‍ഡ്സ്, പോളണ്ട് എന്നിവിടങ്ങളിലായി സ്മോഗ് ഫ്രീ ടവറുകള്‍ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.