അബൂദബി: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ധന്യമായ പ്രവാസ ജീവിതത്തിന് വിരാമമിട്ട് അബ്ദുല്ല ഹബീബും ഭാര്യ ആയിഷ ബീവിയും നാടണയുന്നു. 33ലേറെ സംവത്സരങ്ങള്‍ പുഞ്ചിരിയോടെ പ്രവാസി മലയാളികള്‍ക്കിടയില്‍ ഓടിനടന്നു ജീവിച്ച ഹബീബ് അക്ഷരാർഥത്തില്‍ അവരുടെ ‘ഹബീബ്’ (പ്രിയങ്കരൻ) തന്നെയായിരുന്നു. 31 വര്‍ഷത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസി വനിതകള്‍ക്കിടയില്‍ സുപരിചിതയായി മാറി ആയിഷ. സാമൂഹിക-മത-സാംസ്കാരിക മേഖലകളില്‍ വര്‍ഷങ്ങളോളം തോളോട് തോള്‍ ചേര്‍ന്ന് ഈ ദമ്പതികള്‍ വിജയകരമായി പ്രവര്‍ത്തിച്ചുവെന്നത് യു.എ.ഇയിലെ പ്രവാസി സമൂഹത്തിെൻറ ചരിത്രത്തില്‍ അപൂർവ അധ്യായമാണ്.
‘പ്രസിഡന്‍ഷ്യല്‍ ഫ്ലൈറ്റ്’ വകുപ്പിലെ 33 വര്‍ഷത്തെ സേവനത്തിന് ശേഷം സ്വയം വിരമിച്ചാണ് 2017 ഡിസംബര്‍ 31ന് ഹബീബ് പടിയിറങ്ങിയത്.
1981 നവംബര്‍ 11ന് അല്‍ഐനിലെ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയായി എത്തിയതോടെയാണ് ഹബീബ് പ്രവാസ ജീവിതത്തിന് പ്രാരംഭം കുറിക്കുന്നത്. കനഡയിലെ ടൊറണ്ടോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ ടി.കെ. ഇബ്രാഹിമിെൻറ ശ്രമഫലമായാണ് ഇസ്റ്റിറ്റ്യൂട്ടില്‍ പഠനത്തിന് അവസരമൊരുങ്ങിയത്. കോഴിക്കോട് ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളജിലെ പഠനത്തിന് ശേഷമാണ് ഹബീബ് അല്‍ഐനില്‍ തുടര്‍ പഠനത്തിനെത്തുന്നത്. ഇസ്റ്റിറ്റ്യൂട്ടിലെ പഠനം അറബി, ഇംഗ്ലീഷ് ഭാഷകളിലും ഇസ്ലാമിക വിജ്ഞാനീയങ്ങളിലും കൂടുതല്‍ പ്രാവീണ്യം നേടാന്‍ സഹായകമായി. മൂന്ന് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1984 ആഗസ്റ്റിൽ രാഷ്ട്ര ശിൽപി ശൈഖ് സായിദിെൻറ പ്രൈവറ്റ് ഡിപാര്ട്ട്മെൻറിന് കീഴില്‍ ‘പ്രൈവറ്റ് ഫ്ലൈറ്റ്’ വിഭാഗത്തില്‍ അബൂദബിയില്‍ ജോലിയില്‍ പ്രവേശിച്ചു. രാജിവെക്കുന്നത് വരെ ഇതേ സ്ഥാപനത്തില്‍ തന്നെയാണ് അദ്ദേഹം സേവനമനുഷ്ടിച്ചത്. ഇതിനിടെ സ്ഥാപനത്തിെൻറ പേര് പല പ്രാവശ്യം മാറി.
‘പ്രസിഡന്‍ഷ്യല്‍ ഫ്ലൈറ്റ്’ എന്ന പേരിലാണ് നിലവില്‍ അറിയപ്പെടുന്നത്. വ്യോമയാന രംഗത്തെ തൊഴിലിന് അനുഗുണമായ കൂടുതല്‍ യോഗ്യതകള്‍ നേടണമെന്ന തീരുമാനത്തോടെ 1988ല്‍ ഹബീബ് ലണ്ടനിലേക്ക് പറന്നു. ബ്രിട്ടനിലെ സസെക്സ് ഏവിയേഷന്‍ കോളജില്‍നിന്ന് ‘ഏവിയേഷന്‍ ഡിപ്ലോമ ഇന്‍ ഫ്ലൈറ്റ് ഓപറേഷന്‍’ കരസ്ഥമാക്കിയ ശേഷം ‘മിഡ് ലാന്‍ഡ് എയർവേസി’ൽ തൊഴില്‍ പരിശീലനം നേടി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സമാന കോഴ്സ് യു.എ.ഇയില്‍ തുടങ്ങിയത്. കോഴ്സ് ആരംഭിച്ചപ്പോള്‍ പ്രവേശനം ലഭിച്ച ആദ്യത്തെ പ്രവാസി കൂടിയാണ് ഹബീബ്. രണ്ടു സ്വദേശികള്‍ക്ക് പ്രവേശനം നല്‍കിയ ഉടനെ അധികൃതര്‍ പരിഗണിച്ചത് ഹബീബിനെയാണ്. യു.എ.ഇയില്‍നിന്ന് എയര്‍ക്രാഫ്റ്റ് ഡിസ്പാച്ചര്‍ ലൈസന്‍സ് (ജി.സി.എ.എ) നേടിയ അദ്ദേഹം 1992ല്‍ അമേരിക്കയിലെ സേര അക്കാദമിയില്‍നിന്നും സമാന ലൈസൻസെടുത്തു. അടുത്ത വര്‍ഷം അമേരിക്കയിലെ ഹൂസ്റ്റണില്‍നിന്ന് ഇൻറര്‍നാഷനല്‍ ഡിസ്പാച്ചര്‍ ലൈസന്‍സ് കരസ്ഥമാക്കി.
സങ്കീര്‍ണമായ ഔദ്യോഗിക കൃത്യങ്ങള്‍ മനസ്സാന്നിധ്യത്തോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ ഹബീബിന് അഭിമാനമുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ക്യാപ്റ്റന് നല്‍കുന്ന ‘ഫ്ലൈറ്റ് പ്ലാന്‍’ കുറ്റമറ്റതായിരിക്കണം. അപായങ്ങള്‍ സംഭവിക്കാതെ നോക്കുക എന്നതാണ് വ്യോമയാന മേഖലയിലെ ജോലി സാമർഥ്യം. 1992ല്‍ ബോസ്നിയന്‍ യുദ്ധം നടക്കുന്ന കാലം. വി.ഐ.പിയെയും സംഘത്തെയും വഹിച്ചു കൊണ്ട് പറന്നിരുന്ന വിമാനം നേരത്തെ നിശ്ചയിച്ച വ്യോമപാത തെറ്റിച്ചു പറന്നതിെൻറ ഫലമായി യുദ്ധമേഖലയിലെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. സമയോചിതമായ ഇടപെടലിലൂടെ വിമാനത്തെ ശരിയായ വ്യോമപാതയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തക്ക സമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനെ മുക്തകണ്ഠം പ്രശംസിച്ച അധികൃതര്‍ ഹബീബിനെ പ്രത്യേകം ആദരിച്ചു. അതീവ ശ്രദ്ധയും സൂക്ഷ്മതയും അനിവാര്യമായിരുന്ന 33 വര്‍ഷത്തെ സേവന കാലഘട്ടം കൈപ്പിഴ കൂടാതെ നിര്വഹിച്ചതിെൻറ ചാരിതാർഥ്യത്തോടെയാണ് ഹബീബ് ജോലിയില്‍നിന്ന് വിരമിച്ചത്. തൊഴില്‍രംഗത്തെ നൈപുണ്യം പോലെ തന്നെ, യു.എ.ഇയിലെ സാമൂഹിക-സാംസ്‌കാരിക-മത രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഹബീബിന് സാധിച്ചു. ഇസ്ലാമിക് കൾച്ചറൽ സെൻറർ (ഐ.സി.സി) പ്രസിഡൻറായി പല തവണ സേവനമനുഷ്ടിച്ചു. സംഘടനയുടെ ജനസേവന, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹബീബ് മറ്റു മലയാളി സംഘടനകളുമായി സഹകരിക്കാന്‍ മുന്‍കൈയെടുത്തു. മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ ‘എയിം’ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭം പിന്തുണ നല്‍കി. അദ്ദേഹം നടത്തിയിരുന്ന പഠന ക്ലാസുകള്‍ ധാരാളം പേര്‍ക്ക് വെളിച്ചം പകര്‍ന്നു.
1986ലാണ് ആയിഷ ഭര്‍ത്താവിനോടൊപ്പം പ്രവാസ ജീവിതം നയിക്കാന്‍ അബൂദബിയിലെത്തിയത്. ഹബീബ് പഠിച്ച ഇസ്ലാഹിയ കോളജില്‍ അറബിക്-ഇസ്ലാമിക് ബിരുദം പൂര്‍ത്തിയാക്കിയ ആയിഷ ഇസ്ലാമിക വിഷയങ്ങളില്‍ നിപുണയാണ്. അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും. ഭര്‍ത്താവിെൻറ പാത പിന്തുടര്‍ന്ന ആയിഷ വനിതകള്‍ക്കിടയില്‍ സാംസ്കാരിക-മത പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 12 വര്‍ഷം ഐ.സി.സിയുടെ വനിത വിഭാഗം പ്രസിഡൻറ്പദവിയിലിരുന്ന ആയിഷ വനിത വിഭാഗത്തെ ഉന്നത നിലവാരത്തിലെത്തിച്ചു. കൂടാതെ പല കാലയളവുകളിലായി വൈസ് പ്രസിഡൻറ്, ജനസേവനം കണ്‍വീനര്‍ തുടങ്ങിയ പദവികളും അലങ്കരിച്ചിട്ടുണ്ട്. ആഴ്ച തോറും നടത്തിയിരുന്ന എട്ട് പഠന ക്ലാസുകളിലൂടെ ധാരാളം ശിഷ്യഗണങ്ങളെ സമ്പാദിച്ചു. ഏഷ്യാനെറ്റ് റോഡിയോയുടെ ‘ആലുക്കാസ് നമ്മള്‍ തമ്മില്‍’ എന്ന പരിപാടിയിലെ സജീവ സാന്നിധ്യം ആയിഷയെ ശ്രോതാക്കള്‍ക്കിടയില്‍ ശ്രദ്ധേയയാക്കി.
സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് ആയിഷ നടത്തിയ നിരീക്ഷണങ്ങള്‍ ശ്രോതാക്കള്‍ താൽപര്യപൂര്‍വമാണ് ശ്രവിച്ചിരുന്നത്. ഏഷ്യാനെറ്റ് റേഡിയോ അതിരാവിലെ സംപ്രേഷണം ചെയ്തിരുന്ന ‘മൊഴിമുത്തുകള്‍’ പരിപാടിയില്‍ പ്രവാചക വചനങ്ങളെ അടിസ്ഥാനമാക്കി നടത്തിയിരുന്ന ഭാഷണങ്ങള്‍ക്ക് ശ്രോതാക്കള്‍ ഏറെയുണ്ടായിരുന്നു. ജീവന്‍ ടി.വി അടക്കമുള്ള ചാനലുകളില്‍ വിശേഷ ദിവസങ്ങളില്‍ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. മലയാളി സമാജം, കേരള സോഷ്യന്‍ സെൻറര്‍ തുടങ്ങിയ സംഘടനാ വേദികളില്‍ ഐ.സി.സി വനിതാ വിഭാഗത്തെ പ്രതിനിധാനം ചെയ്തിരുന്നത് ആയിശയായിരുന്നു. പാസ്പോര്‍ട്ട് റോഡിലെ മലയാളി സമാജത്തിെൻറ പഴയ ആസ്ഥാനത്ത് ‘ജനസംസ്കൃതി’ എന്ന സംഘടന 1987 ഫെബ്രുവരിയില്‍ നടത്തിയ സെമിനാര്‍ ആയിഷ നന്നായി ഓര്‍ക്കുന്നു. നബീസ ഉമ്മാള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത സെമിനാറില്‍ ആയിഷ നടത്തിയ പ്രസംഗം ഏറെ പ്രശംസിക്കപ്പെട്ടു.
പ്രസംഗം മാധ്യ മങ്ങള്‍ പ്രധാന്യപൂർവം പ്രസിദ്ധീകരിച്ചത് ആയിഷ നന്ദിപൂർവം സ്മരിക്കുന്നു. സെന്‍ട്രല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് മയ്യിത്ത് സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. സംസ്കരണ പ്രക്രിയയില്‍ മുഴുകുന്നതോടൊപ്പം മരിച്ചവരുടെ ബന്ധുമിത്രാദികളെ സമാശ്വസിപ്പിക്കാനും ആയിഷയുണ്ടാവും. വാഹനാപകടത്തില്‍ മരണപ്പെട്ട സ്ത്രീയെ അവരുടെ ആചാര പ്രകാരം സാരിയുടുപ്പിച്ച് കഫം ചെയ്ത സംഭവം ഓര്‍ക്കുന്നു. റോഡപകടത്തില്‍ മരണപ്പെട്ട പൂര്‍ണ ഗര്‍ഭിണിയായിരുന്ന മലേഷ്യക്കാരിയുടെ മൃതദേഹം കുളിപ്പിച്ച രംഗം കണ്ണില്‍നിന്ന് മായുന്നില്ല. യു.എ.ഇ അധികൃതര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ പ്രവാസികളുടെ സേവനത്തിനായി ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായി സഹകരിച്ച് ഐ.സി.സി നടത്തിയ സേവനങ്ങള്‍ ഇരുവരുടെയും സജീവ പങ്കാളിത്തത്തോടെയായിരുന്നു.
പലര്‍ക്കും എംബസിയുടെ നിര്‍ദേശപ്രകാരം ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കി. പ്രവാസ ജീവിതം പൂര്‍ണമായും സമൂഹ നന്മക്ക് നീക്കിവെച്ചതിെൻറ നിര്‍വൃതിയോടെയാണ് ഈ പണ്ഡിത ദമ്പതികളുടെ മടക്കയാത്ര. പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് തന്നെയാണ് ഇരുവരുടെയും ആഗ്രഹം. നാട്ടിലെത്തിയ ശേഷം ഏര്‍പ്പെടേണ്ട പദ്ധതികള്‍ ആവിഷ്കരിച്ചിട്ടില്ല. ജൈവകൃഷി നടത്താനാവശ്യമായ അനുമതി പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. നന്മണ്ട ടി. മമ്മു മാസ്റ്ററുടെ മകനാണ് അബ്ദുല്ല ഹബീബ്. പുത്തൂര്‍ പള്ളിക്കല്‍ സ്വദേശിയായ ആയിഷ ദേവതിയാല്‍ പൂക്കോയ തങ്ങളുടെ മകളാണ്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഇവര്‍ക്കുള്ളത്. ബിരുദത്തിന് പഠിക്കുന്ന ഇളയ മകള്‍ ഫാത്തിമ ഒഴികെ എല്ലാവരും വിവാഹിതരാണ്. മൂത്ത മകന്‍ ഫദ്ല്‍ ചെന്നൈയില്‍ കുടുംബസമേതം താമസിച്ചു ജോലിചെയ്യുന്നു. രണ്ടാമത്തെ മകന്‍ ജവാദ് ഖത്തറിലാണ്. മൂത്ത മകള്‍ ഹുദ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനോടൊപ്പം അബൂദബിയില്‍ താമസിക്കുന്നു. വെള്ളിയാഴ്ച അബ്ദുല്ല ഹബീബും ആയിഷയും നാട്ടിലേക്ക് പുറപ്പെടും. ഫോൺ: 0506663780 (ഹബീബ്), 0556312431 (ആയിഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.