ദുബൈ: വ്യാപാര പങ്കാളിത്ത രംഗത്ത് പുതുവഴികൾ തേടുന്നവർക്കായി ‘ഗൾഫ് മാധ്യമം’ ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 12ന് അബൂദബി ഖലീഫ സ്ട്രീറ്റിൽ ലെ റോയൽ മെറീഡിയൻ ഹോട്ടലിലും 14ന് ദുബൈയിലെ ശൈഖ് സായിദ് റോഡിലെ മെട്രോപൊളിറ്റൻ ഹോട്ടലിലുമാണ് ബിസിനസ് സമ്മിറ്റ് നടക്കുന്നത്. യു.എ.ഇയിലെയും കേരളത്തിലെയും വ്യാപാര സാധ്യതകളിലേക്ക് വഴികാണിക്കുന്ന സംഗമത്തിൽ സംരംഭക മേഖലയിൽ വിജയം കുറിച്ചവരും നിക്ഷേപക വിദഗ്ധരും പങ്കെടുക്കും.
റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ്, കോർപറേറ്റ് ടാക്സ്, ക്രിപ്റ്റോ കറൻസീസ്, സ്റ്റോക് ട്രേഡിങ്, ടൂറിസം, സ്റ്റാർട്ടപ്സ്, ഫ്രാഞ്ചൈസിങ് തുടങ്ങി സുപ്രധാന വിഷയങ്ങളിൽ ആശയ കൈമാറ്റങ്ങൾക്കും ക്രിയാത്മകമായ സംവാദങ്ങൾക്കും ചർച്ചകൾക്കും സമ്മിറ്റ് വേദിയാകും.
പുതിയ കാലത്തെ ബിസിനസ് സാധ്യതകൾക്കൊപ്പം വിവിധ മേഖലകളിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുള്ള പോംവഴികളും സമ്മിറ്റിൽ ചർച്ച ചെയ്യും. അതോടൊപ്പം യു.എ.ഇയിൽ നടപ്പിലാക്കിയ കോർപറേറ്റ് ടാക്സ്, ഇന്ത്യ-യു.എ.ഇ സെപ കരാർ, ടൂറിസം നിക്ഷേപം, സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ മാറുന്ന നിയമങ്ങൾ എന്നിവയെ കുറിച്ചും പാനൽ ചർച്ചകൾ നടക്കും.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ വ്യാപാര, വാണിജ്യ, സംസ്കാരിക, കലാമേളയായ കമോൺ കേരളയോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച നിക്ഷേപക സമ്മിറ്റ് സംരംഭകരുടെ പങ്കാളിത്തംകൊണ്ട് വൻ വിജയമായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യു.എ.ഇയിലേയും കേരളത്തിലേയും പുതിയ വ്യാപാര സാധ്യതകളുടെ വാതായനങ്ങൾ തുറന്നിടുന്ന ബിസിനസ് സമ്മിറ്റിന് ‘ഗൾഫ് മാധ്യമം’ വേദിയൊരുക്കുന്നത്. ഇന്ത്യ-യു.എ.ഇ സമഗ്ര വാണിജ്യ സഹകരണ കരാർ (സെപ) യാഥാർഥ്യമായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തിയാർജിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനവും ഇതിന് പിന്തുണയേകുന്നതാണ്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രാദേശിക കറൻസികളിൽ നടത്താനുള്ള സുപ്രധാന തീരുമാനം ബിസിനസ് രംഗത്ത് വലിയ വളർച്ചക്കാണ് വഴിമരുന്നിട്ടത്.
യു.എ.ഇയിൽ നിന്ന് രൂപയിൽ ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നതിനും തുടക്കമിട്ടുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ ഹൃദയനഗരങ്ങളിൽ ബിസിനസ് സംരംഭകർ വീണ്ടും ഒത്തുചേരുന്നത്. റിയൽ എസ്റ്റേറ്റ്, ക്രിപ്റ്റോ കറൻസി, സ്റ്റോക് ട്രേഡിങ് എന്നീ മേഖലകളിലെ മാറുന്ന സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനും ബിസിനസുകൾ ആ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്നവർക്ക് ‘ഗൾഫ് മാധ്യമം’ ബിസിനസ് സമ്മിറ്റ് പുതിയ വഴികൾ തുറന്നിടുമെന്നുറപ്പാണ്. സമ്മിറ്റിൽ സാന്നിധ്യം ഉറപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി https://bizsummit.madhyamam.com/ൽ രജിസ്റ്റർ ചെയ്യാം. .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.