ദുബൈ: കേരളത്തിലും യു.എ.ഇയിലും വ്യാപാരരംഗത്ത് ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് ആശയങ്ങളുടെ ആകാശം തുറന്നുവെച്ച് ‘ഗൾഫ് മാധ്യമം’സംഘടിപ്പിച്ച ബിസിനസ് സമ്മിറ്റിന്റെ രണ്ടാം ഘട്ടത്തിന് ദുബൈയിൽ സമാപനം. ദുബൈ ശൈഖ് സായിദ് റോഡിലെ മെട്രോപൊളിറ്റൻ ഹോട്ടലിൽ നടന്ന സമ്മിറ്റ് ‘ഗൾഫ് മാധ്യമം’ ബിസിനസ് കൺട്രി ഹെഡ് ജെ.ആർ. ഹാഷിം ഉദ്ഘാടനം ചെയ്തു. വൈകീട്ട് അഞ്ച് മുതൽ രാത്രി 8.30 വരെ നീണ്ടുനിന്ന സമ്മിറ്റിൽ കേരളത്തിലെ പ്രമുഖ സംരംഭകരായ ഷാരിഖ് ശംസുദ്ദീൻ (ഫണ്ട്ഫോളിയോ), ഷാഹിദ് ഖാന (ഡിസക്സ്), മുഹമ്മദ് ശഫീഖ് (ഫിനാൻഷെൽസ്), ഉമർ അലി (സേഫ് കെയർ), ഷാലിമാർ (സിൽവർ സ്റ്റോം), അജിൽ മുഹമ്മദ് (ഹൈലൈറ്റ്), മുസ്തഫ (സിൽവൻ), ജംഷീദ് ഹംസ (എതിക് കോർപ്) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സദസ്സുമായി സംവദിച്ചു.
റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ്, കോർപറേറ്റ് ടാക്സ്, ക്രിപ്റ്റോ കറൻസീസ്, സ്റ്റോക് ട്രേഡിങ്, ടൂറിസം, സ്റ്റാർട്ടപ്സ്, ഫ്രാഞ്ചൈസിങ് തുടങ്ങി സുപ്രധാന വിഷയങ്ങളിൽ ആശയ കൈമാറ്റങ്ങൾക്കും ക്രിയാത്മകമായ സംവാദങ്ങൾക്കും ചർച്ചകൾക്കും സമ്മിറ്റ് വേദിയായി. പുതിയകാലത്തെ ബിസിനസ് സാധ്യതകൾക്കൊപ്പം വിവിധ മേഖലകളിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുള്ള പോംവഴികളും ചർച്ച ചെയ്തു.
യു.എ.ഇയിൽ നടപ്പാക്കിയ കോർപറേറ്റ് ടാക്സ്, ഇന്ത്യ-യു.എ.ഇ സെപ കരാർ, ടൂറിസം നിക്ഷേപം, സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ മാറുന്ന നിയമങ്ങൾ എന്നിവയെ കുറിച്ചും പാനൽ ചർച്ചകൾ നടന്നു. ഷാർജയിൽ നടന്ന കമോൺ കേരളയോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടിയും വൻ വിജയമായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യു.എ.ഇയിലേയും കേരളത്തിലേയും പുതിയ വ്യാപാരസാധ്യതകൾ തേടുന്ന ബിസിനസ് സമ്മിറ്റിന് ‘ഗൾഫ് മാധ്യമം’വേദിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.