ഷാർജ: യു.എ.ഇയിലെയും കേരളത്തിലെയും വ്യാപാര-വാണിജ്യ സാധ്യതകൾ ചർച്ച ചെയ്യുന്ന ബിസിനസ് സമ്മിറ്റിന്റെ രണ്ടാം എഡിഷൻ ബുധനാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് 3.30വരെ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കും. ആദ്യ എഡിഷൻ മേയ് 18ന് അബൂദബി ഖലീഫ സ്ട്രീറ്റിലെ ലെ റോയൽ മെറിഡിയൻ ഹോട്ടലിൽ നടന്നിരുന്നു.
ബിസിനസ്, ടൂറിസം രംഗങ്ങളിലെ സാധ്യതകളും നിക്ഷേപാവസരങ്ങളും ചർച്ചയാകുന്ന സമ്മിറ്റിൽ യു.എ.ഇയിലെയും കേരളത്തിലെയും ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ് ഉൾപ്പെടെ ബിസിനസ് രംഗത്തെ വിദഗ്ധർ പങ്കെടുക്കും. സഫ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി മുഹമ്മദ് അബ്ദുസ്സലാം (ജ്വല്ലറി മേഖലയിലെ നിക്ഷേപം: നൂതന സാധ്യതകൾ), കൊൽക്കത്ത വെൻച്വർസ് എം.ഡി അവെലോ റോയ് (നാളേക്കായി നിക്ഷേപിക്കുക), ഫെഡറൽ ബാങ്ക് മിഡിലീസ്റ്റ് ഹെഡ് അരവിന്ദ് കാർത്തികേയൻ (സമ്പന്നരായ ഇന്ത്യക്കാർക്ക് ഇന്ത്യയിലുള്ള സാധ്യതകൾ: ബാങ്കിങ് പരിപ്രേക്ഷ്യം), ലിവറേജ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് ടെക്നിക്കൽ ഡയറക്ടർ മുത്തുകുമാർ (ലിഫ്റ്റിങ് ആൻഡ് ഷിഫ്റ്റിങ്), ഡി.എ.ആർ.ടി.സി സി.ഇ.ഒ ദുൽകിഫിൽ ഇ. അബ്ദുറശീദ് (കോർപറേറ്റ് ടാക്സ്), കല്ലാട്ട് ഗ്രൂപ് ചെയർമാൻ ഡോ. താഹിർ കല്ലാട്ട് (യു.എ.ഇയിലെ നിക്ഷേപ അവസരങ്ങൾ), എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് (കേരളം: വാണിജ്യ, വ്യവസായത്തിന്റെ പുതു മാതൃകയിലേക്ക്) എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ടെൻ എക്സ് പ്രോപർട്ടീസ് സ്ഥാപകനും സി.ഇ.ഒയുമായ സുകേഷ് ഗോവിന്ദൻ, മോറിക്കാപ് റിസോർട്ട് ചെയർമാൻ നിഷിൻ തസ്ലീം സി.എം എന്നിവരും ചടങ്ങിൽ സംസാരിക്കും. ഹൈലൈറ്റ് ഗ്രൂപ് ചെയർമാൻ പി. സുലൈമാനുമായി സംവദിക്കാൻ അവസരമൊരുക്കുന്നുണ്ട്.
വിവിധ സെഷനുകളിൽ സുപ്രധാന വിഷയങ്ങളിൽ ആശയ കൈമാറ്റങ്ങൾക്കും ക്രിയാത്മകമായ സംവാദങ്ങൾക്കും സമ്മിറ്റ് വേദിയാകും.
പുതിയ കാലത്തെ ബിസിനസ് സാധ്യതകൾക്കൊപ്പം വിവിധ മേഖലകളിൽ ഉയർന്നുവരുന്ന നിക്ഷേപ അവസരങ്ങളെയും പരിചയപ്പെടുത്തും. ഷാർജയിൽ ജൂൺ 7,8,9 തീയതികളിൽ നടക്കുന്ന കമോൺ കേരളക്ക് മുന്നോടിയായാണ് ബിസിനസ് സമ്മിറ്റ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.