ദുബൈ: യു.എ.ഇയിലേയും കേരളത്തിലേയും വ്യാപാര-വാണിജ്യ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന ‘ഗൾഫ് മാധ്യമം’ ബിസിനസ് സമ്മിറ്റിന്റെ രണ്ടാംഘട്ടം ഇന്ന് ദുബൈയിൽ നടക്കും. ദുബൈ ശൈഖ് സായിദ് റോഡിലെ മെട്രോ പൊളിറ്റൻ ഹോട്ടലിൽ വൈകീട്ട് 4.30നാണ് പരിപാടി ആരംഭിക്കുക.
രാത്രി 8.30 വരെ നീളുന്ന സമ്മിറ്റിൽ പ്രമുഖ സംരംഭകരായ ഷാരിഖ് ശംസുദ്ദീൻ (ഫണ്ട് ഫോളിയോ), ഷാഹിദ് ഖാന (ഡിസക്സ്), മുഹമ്മദ് ശഫീഖ് (ഫിനാൻഷെൽസ്), ഉമർ അലി (സേഫ് കെയർ), ഷാലിമാർ (സിൽവർ സ്റ്റോം), അജിൽ മുഹമ്മദ് (ഹൈലൈറ്റ്), മുസ്തഫ (സിൽവൻ), ജംഷീദ് ഹംസ (എതിക് കോർപ്) തുടങ്ങിയവർ സദസ്സുമായി സംവദിക്കും. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ്, കോർപറേറ്റ് ടാക്സ്, ക്രിപ്റ്റോ കറൻസീസ്, സ്റ്റോക് ട്രേഡിങ്, ടൂറിസം, സ്റ്റാർട്ടപ്സ്, ഫ്രാഞ്ചൈസിങ് തുടങ്ങി സുപ്രധാന വിഷയങ്ങളിൽ ആശയ കൈമാറ്റങ്ങൾക്കും ക്രിയാത്മകമായ സംവാദങ്ങൾക്കും ചർച്ചകൾക്കും സമ്മിറ്റ് വേദിയാകും. പുതിയ കാലത്തെ ബിസിനസ് സാധ്യതകൾക്കൊപ്പം വിവിധ മേഖലകളിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുള്ള പോംവഴികളും സമ്മിറ്റിൽ ചർച്ചചെയ്യും. യു.എ.ഇയിൽ നടപ്പാക്കിയ കോർപറേറ്റ് ടാക്സ്, ഇന്ത്യ-യു.എ.ഇ സെപ കരാർ, ടൂറിസം നിക്ഷേപം, സ്റ്റാർട്ടപ്പുകളുടെ സാധ്യതകൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ മാറുന്ന നിയമങ്ങൾ എന്നിവയെക്കുറിച്ചും പാനൽ ചർച്ചകൾ നടക്കും.
ഷാർജയിൽ നടന്ന കമോൺ കേരളയോടനുബന്ധിച്ച് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടിയും വൻ വിജയമായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യു.എ.ഇയിലേയും കേരളത്തിലെയും പുതിയ വ്യാപാരസാധ്യതകൾ തേടുന്ന ബിസിനസ് സമ്മിറ്റിന് ‘ഗൾഫ് മാധ്യമം’ വേദിയൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.