ദുബൈ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക മേളയായ ‘ഗൾഫ് മാധ്യമം’ കമോൺ കേരളയുടെ ആറാം എഡിഷന് വിളംബരം. തിരുവനന്തപുരത്ത് നടന്ന പ്രൗഢചടങ്ങിൽ പുതിയ എഡിഷന്റെ ഔദ്യോഗിക ലോഗോ പ്രകാശനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
‘ഗൾഫ് മാധ്യമം’ രജതജൂബിലി ആഘോഷ വർഷത്തിൽ വന്നുചേരുന്ന മേള വ്യത്യസ്തവും പുതുമകളും നിറഞ്ഞ രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വിജയകരമായ അഞ്ചു എഡിഷനുകൾക്ക് സാക്ഷ്യംവഹിച്ച ഷാർജ എക്സ്പോ സെന്ററിലാണ് ആറാം എഡിഷൻ ജൂൺ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ അരങ്ങേറുക. പ്രത്യാശയുടെ അടയാളചിഹ്നമായി മാറിയ കമോൺ കേരളയുടെ ഔദ്യോഗിക മുദ്ര ‘ഹോപ്പി’യുടെ പുതുവരവിനെ അടയാളപ്പെടുത്തുന്നതാണ് ആറാം എഡിഷന്റെ ലോഗോ.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മുഖ്യരക്ഷാധികാരത്തിൽ നടന്ന കഴിഞ്ഞ എഡിഷനുകൾ പ്രവാസി സമൂഹം ആവേശപൂർവമാണ് സ്വീകരിച്ചത്. കേരളത്തിലെ പ്രമുഖ നിർമാതാക്കളായ ഹൈലൈറ്റ് ഗ്രൂപ്പാണ് ഇത്തവണയും മേളയുടെ പ്രായോജകർ.
കമോൺ കേരളയിൽ തുടക്കം മുതൽ ഭാഗമായി വരുന്ന ഹൈലൈറ്റ് ഗ്രൂപ് തുടർച്ചയായ രണ്ടാം തവണയാണ് മേളയുടെ മുഖ്യ പ്രായോജകരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.