ആഘോഷത്തിമിർപ്പിന്‍റെ ഓണം; മലയാളത്തിന്‍റെ ഉത്സവം

ദുബൈ: മലയാളക്കരയുടെ ദേശീയോത്സവത്തിന്​ പ്രവാസലോകത്ത്​ അടിപൊളിയാഘോഷമൊരുക്കി​ 'ഗൾഫ്​ മാധ്യമം'. നാടിന്‍റെ ഓർമകൾ ഉള്ളിലൊതുക്കി​ ഓണമെത്താൻ കാത്തിരിക്കുന്നവരെ ആഘോഷത്തിമിർപ്പിലേക്ക്​ കൂട്ടിക്കൊണ്ടുപോകുന്ന 'ഓണോത്സവം' സെപ്​റ്റംബർ 17, 18 തീയതികളിൽ ഷാർജ സഫീർമാളിലാണ്​ ഒരുക്കുന്നത്​. ഷാർജ ഇതുവരെ കണ്ടിട്ടില്ലാത്ത ഉത്സവാന്തരീക്ഷത്തിൽ നടക്കുന്ന 'ഓണോത്സവം' കൈനിറയെ സമ്മാനങ്ങൾ വാരിക്കൂട്ടാനും കുടുംബത്തോടൊപ്പം ആഘോഷിക്കാനും സന്തോഷം പങ്കിടാനുമുള്ള വേദിയാണ്​ ഒരുക്കുന്നത്​. മത്സരങ്ങളിൽ പ​ങ്കെടുക്കാൻ താൽപര്യമുള്ളവർ​ https://onam.madhyamam.com എന്ന ലിങ്ക്​ വഴി രജിസ്റ്റർ ചെയ്യണം.



വടംവലി, പൂക്കളം, പായസ മത്സരം, കുടുംബ പാചകം, കുട്ടികളുടെ ചിത്രരചന, ദമ്പതി മത്സരം തുടങ്ങി കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായത്തിലുമുള്ളവർക്ക്​ മത്സരിക്കാനും കൂടിച്ചോരാനും സന്തോഷിക്കാനുമുള്ള വേദിയാണ്​ സഫീർ മാളിലൊരുങ്ങുന്നത്​. വിജയികള കാത്തിരിക്കുന്നത്​ സമ്മാനങ്ങളുടെ വിഭവസമൃദ്ധമായ സദ്യയാണ്​. ആവേശം അണപൊട്ടുന്ന വടംവലി മത്സരത്തിന്​ എട്ട്​ പേർ അടങ്ങിയ സംഘത്തിന്​ രജിസ്റ്റർ ചെയ്യാം. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും വ്യക്​തികൾക്കുമെല്ലാം ഗ്രൂപ്പായി ചേർന്ന്​ പ​ങ്കെടുക്കാം.

ആദ്യ മൂന്ന്​ സ്ഥാനക്കാർക്ക്​ സമ്മാനമുണ്ടാകും. ഓണത്തിന്‍റെ ഗൃഹാതുരത്വം ഉണർത്തുന്നതായിരിക്കും പൂക്കള മത്സരം. തുമ്പയും തെച്ചിയും മുക്കുറ്റിയും ചെണ്ടുമല്ലിയും ബന്തിയും ജമന്തിയും ​നന്ത്യാർവട്ടവുമെല്ലാം നിറങ്ങളൊരുക്കുന്ന പൂക്കള മത്സരത്തിൽ രണ്ട്​ മുതൽ അഞ്ച്​ പേർ വരെയുള്ള സംഘത്തിന്​ മാറ്റുരക്കാം. മക്കളോടൊപ്പം പാചകം ചെയ്ത്​ സമ്മാനം നേടാനുള്ള അവസരമാണ്​ 'കുക്ക്​ വിത്ത്​ കുടുംബം'. കുടുംബ പാചകത്തിന്​ പുറമെ പായസത്തിൽ പുതുപരീക്ഷണങ്ങൾക്കൊരുങ്ങുന്നവർക്കായി 'പായസപ്പോരും' അവതരിപ്പിക്കുന്നുണ്ട്​.

കുരുന്നുകൾക്ക്​ കൈനിറയെ സമ്മാനം നൽകാൻ 'ലിറ്റിൽ ആർട്ടിസ്റ്റ്​' ചിത്രരചന മത്സരവും നടക്കും. മനപ്പൊരുത്തത്തിൽ മുമ്പിൽ നിൽക്കുന്ന ദമ്പതികളെ തെരഞ്ഞെടുക്കുന്നതായിരിക്കും 'പെർഫക്ട്​ കപ്പിൾ' മത്സരം. നർമവും കളിയും ചിരിയും കാര്യവും കലർന്ന ഈ മത്സരത്തിൽ പ​ങ്കെടുക്കാനും ഉടൻ രജിസ്റ്റർ ചെയ്യണം.

Tags:    
News Summary - Gulf Madhyamam Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.