ആഘോഷത്തിമിർപ്പിന്‍റെ ഓണം; മലയാളത്തിന്‍റെ ഉത്സവം
text_fieldsദുബൈ: മലയാളക്കരയുടെ ദേശീയോത്സവത്തിന് പ്രവാസലോകത്ത് അടിപൊളിയാഘോഷമൊരുക്കി 'ഗൾഫ് മാധ്യമം'. നാടിന്‍റെ ഓർമകൾ ഉള്ളിലൊതുക്കി ഓണമെത്താൻ കാത്തിരിക്കുന്നവരെ ആഘോഷത്തിമിർപ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന 'ഓണോത്സവം' സെപ്റ്റംബർ 17, 18 തീയതികളിൽ ഷാർജ സഫീർമാളിലാണ് ഒരുക്കുന്നത്. ഷാർജ ഇതുവരെ കണ്ടിട്ടില്ലാത്ത ഉത്സവാന്തരീക്ഷത്തിൽ നടക്കുന്ന 'ഓണോത്സവം' കൈനിറയെ സമ്മാനങ്ങൾ വാരിക്കൂട്ടാനും കുടുംബത്തോടൊപ്പം ആഘോഷിക്കാനും സന്തോഷം പങ്കിടാനുമുള്ള വേദിയാണ് ഒരുക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://onam.madhyamam.com എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.
വടംവലി, പൂക്കളം, പായസ മത്സരം, കുടുംബ പാചകം, കുട്ടികളുടെ ചിത്രരചന, ദമ്പതി മത്സരം തുടങ്ങി കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായത്തിലുമുള്ളവർക്ക് മത്സരിക്കാനും കൂടിച്ചോരാനും സന്തോഷിക്കാനുമുള്ള വേദിയാണ് സഫീർ മാളിലൊരുങ്ങുന്നത്. വിജയികള കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ വിഭവസമൃദ്ധമായ സദ്യയാണ്. ആവേശം അണപൊട്ടുന്ന വടംവലി മത്സരത്തിന് എട്ട് പേർ അടങ്ങിയ സംഘത്തിന് രജിസ്റ്റർ ചെയ്യാം. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും വ്യക്തികൾക്കുമെല്ലാം ഗ്രൂപ്പായി ചേർന്ന് പങ്കെടുക്കാം.
ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനമുണ്ടാകും. ഓണത്തിന്‍റെ ഗൃഹാതുരത്വം ഉണർത്തുന്നതായിരിക്കും പൂക്കള മത്സരം. തുമ്പയും തെച്ചിയും മുക്കുറ്റിയും ചെണ്ടുമല്ലിയും ബന്തിയും ജമന്തിയും നന്ത്യാർവട്ടവുമെല്ലാം നിറങ്ങളൊരുക്കുന്ന പൂക്കള മത്സരത്തിൽ രണ്ട് മുതൽ അഞ്ച് പേർ വരെയുള്ള സംഘത്തിന് മാറ്റുരക്കാം. മക്കളോടൊപ്പം പാചകം ചെയ്ത് സമ്മാനം നേടാനുള്ള അവസരമാണ് 'കുക്ക് വിത്ത് കുടുംബം'. കുടുംബ പാചകത്തിന് പുറമെ പായസത്തിൽ പുതുപരീക്ഷണങ്ങൾക്കൊരുങ്ങുന്നവർക്കായി 'പായസപ്പോരും' അവതരിപ്പിക്കുന്നുണ്ട്.
കുരുന്നുകൾക്ക് കൈനിറയെ സമ്മാനം നൽകാൻ 'ലിറ്റിൽ ആർട്ടിസ്റ്റ്' ചിത്രരചന മത്സരവും നടക്കും. മനപ്പൊരുത്തത്തിൽ മുമ്പിൽ നിൽക്കുന്ന ദമ്പതികളെ തെരഞ്ഞെടുക്കുന്നതായിരിക്കും 'പെർഫക്ട് കപ്പിൾ' മത്സരം. നർമവും കളിയും ചിരിയും കാര്യവും കലർന്ന ഈ മത്സരത്തിൽ പങ്കെടുക്കാനും ഉടൻ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.