ദുബൈ: സ്വപ്നങ്ങൾക്ക് നിറംപകരാൻ പ്രവാസം പുൽകിയവർക്ക് ആഘോഷങ്ങളിൽ ഒന്നിച്ചിരിക്കാനും പ്രതിസന്ധികളിൽ അത്താണിയാകാനും ഒരിടം. അതിലുപരി, പങ്കുവെക്കലിന്റെയും സഹജീവിതത്തിന്റെയും മഹാമാതൃക. പ്രവാസ കൂട്ടായ്മകളുടെ അപദാനങ്ങൾ എത്ര പറഞ്ഞാലും അധികമാകുമെന്ന് തോന്നുന്നില്ല.
ഒറ്റപ്പെടലിന്റെ കനൽവീഥികളിൽ നിന്ന് കൂട്ടുചേരലിന്റെ ആശ്വാസ തീരത്തേക്കാണ് ഓരോ കൂട്ടായ്മയും പ്രവാസിയെ വഴി നടത്തുന്നത്. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പശ്ചാത്തലങ്ങളിൽ നിന്ന് രൂപപ്പെട്ട ചെറുതും വലുതുമായ നിരവധി കൂട്ടായ്മകൾ യു.എ.ഇയിൽ പ്രവർത്തിക്കുന്നു. പ്രവാസത്തെ ഹൃദയത്തോട് ചേർത്ത് സ്വീകരിച്ച ഈ നാട് നൽകിയ സുരക്ഷിതത്വത്തിൽ പെറ്റമ്മ നാടിനെയും പോറ്റമ്മ നാടിനെയും ഒരുപോലെ ആശ്ലേഷിക്കുന്നവരാണവർ.
പ്രവാസത്തോളം പഴക്കമുണ്ട് കൂട്ടായ്മകളുടെ ചരിത്രത്തിന്. പതിറ്റാണ്ടുകളുടെ സാന്നിധ്യം വഴി ആയിരക്കണക്കിന് അംഗങ്ങളുണ്ട് പലതിനുമിപ്പോൾ. നിയമാനുസൃത മാർഗങ്ങളിലൂടെ സജീവമായ ഇടപെടൽ ഇവയെല്ലാം സംഘടിപ്പിച്ചുവരുകയും ചെയ്യുന്നു. ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രമായി പ്രവാസഭൂമികളിൽ പിറവിയെടുത്ത ‘ഗൾഫ് മാധ്യമ’വും കൂട്ടായ്മകളും എക്കാലവും ചേർന്നുനിന്നാണ് പ്രവർത്തിച്ചത്. ആഘോഷങ്ങളിലും പ്രതിസന്ധികളിലും ആ ചേർന്നുനിൽക്കൽ ഇതിഹാസം തീർത്തു.
കോവിഡ് മഹാമാരിയുടെ കാലത്തെ സംരംഭങ്ങളും അഞ്ചു എഡിഷനുകൾ വിജയകരമായി പിന്നിട്ട മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ, വൈജ്ഞാനിക മേളയായ കമോൺ കേരളയും ഇതിന്റെ ഉദാഹരണങ്ങളാണ്. ‘ഗൾഫ് മാധ്യമം’ രജതജൂബിലി ആഘോഷിക്കുന്ന സന്ദർഭത്തിൽ യു.എ.ഇയിലെ പ്രവാസ കൂട്ടായ്മകളെ അടയാളപ്പെടുത്താനും ആദരിക്കാനുമായി പ്രത്യേക സംരംഭം ഒരുക്കുകയാണ്. ‘സിൽവർ സിഗ്നേച്ചർ’ എന്നു നാമകരണം ചെയ്ത സംരംഭത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത കൂട്ടായ്മകളെ ജൂൺ 9ന് ‘കമോൺകേരള’യുടെ വേദിയിൽ നടക്കുന്ന ‘ഗൾഫ് മാധ്യമം’ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് ആദരിക്കും. അതോടൊപ്പം കൂട്ടായ്മകളുടെ സംഭാവനകൾ അടയാളപ്പെടുത്താനും പരസ്പര സഹകരണം ശക്തമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.