ജിദ്ദ: ഗൾഫ് മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. റിയാദിലെ ദർഇയ കൊട്ടാരത്തിൽ സൗദി അറേബ്യയുടെ മേൽനോട്ടത്തിൽ നടന്ന 42ാമത് ഗൾഫ് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. സൽമാൻ രാജാവിനുവേണ്ടി കിരീടാവകാശിയാണ് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ചത്. കൗൺസിൽ സ്ഥാപിതമായി നാലു പതിറ്റാണ്ടുകൾക്കുശേഷം മേഖല നേരിടുന്ന നിരവധി വെല്ലുവിളികളുടെ വെളിച്ചത്തിലാണ് ഒരുമിച്ചുകൂടിയത്. രാജ്യങ്ങളുടെ കെട്ടുറപ്പും സുരക്ഷിതത്വവും സുസ്ഥിരതയും വർധിപ്പിക്കുന്നതിന് കൂടുതൽ ഏകോപനം ആവശ്യമാണ്. ഇക്കാര്യത്തിൽ സൽമാൻ രാജാവ് ഗൾഫ് സഹകരണ കൗൺസിലിന് സമർപ്പിച്ച കാഴ്ചപ്പാടുകൾ പ്രത്യേകം സൂചിപ്പിക്കുന്നു. ജി.സി.സി രാജ്യങ്ങളിലെ സന്ദർശനവേളയിൽ സാക്ഷ്യംവഹിച്ച കാര്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
കൗൺസിൽ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗൾഫ് സാമ്പത്തിക ഐക്യം പൂർത്തിയാക്കേണ്ടതിെൻറ പ്രാധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞു. സമ്പന്നമായ സാമ്പത്തിക കൂട്ടായ്മ കെട്ടിപ്പടുക്കാൻ കാത്തിരിക്കുകയാണ്. വരുമാനസ്രോതസ്സുകളെ വൈവിധ്യവത്കരിക്കുന്നതിനെ അടിസ്ഥാനമാക്കി ഉത്തേജക അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ആഗോള ഊർജവിപണികളുടെ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും കാലാവസ്ഥ വ്യതിയാനം എന്ന പ്രതിഭാസത്തെ നേരിടാനും ലോകത്തിന് ശുദ്ധമായ ഊർജം പ്രദാനംചെയ്യാനും വികസനത്തിനും പിന്തുണയുണ്ടാകേണ്ടതുണ്ട്. മേഖലയിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരും.
ഇറാഖിെൻറ സ്ഥിരതയെ പിന്തുണക്കേണ്ടതിെൻറയും യമനിൽ രാഷ്ട്രീയ പരിഹാരമുണ്ടാക്കേണ്ടതിെൻറയും ആവശ്യകത കിരീടാവകാശി വ്യക്തമാക്കി. സംഘർഷങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം സംഭാഷണമാണ്. വെല്ലുവിളികളെ അതിജീവിക്കുന്നതിൽ സൗദി അറേബ്യ നിർണായക പങ്കാണ് വഹിക്കുന്നതെന്നും പറഞ്ഞു. അഫ്ഗാൻ ജനതക്ക് മാനുഷിക സഹായം നൽകാനുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമം ശക്തമാക്കാനും അഫ്ഗാനിസ്താൻ തീവ്രവാദ സംഘടനകളുടെ സങ്കേതമാകരുതെന്നും ആവശ്യപ്പെടുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.