റാസല്‍ഖൈമയില്‍ നിന്നുള്ള ദൃശ്യം                                                                                         ഫോട്ടോ: ആഷിക് ലീ

ഗള്‍ഫ് ടൂറിസം: തലസ്ഥാന പദവിയില്‍ രണ്ടാം വര്‍ഷവും റാസല്‍ഖൈമ

റാസല്‍ഖൈമ: 2021ലെ ഗള്‍ഫ് ടൂറിസത്തി​െൻറ തലസ്ഥാന പദവി റാസല്‍ഖൈമക്ക് സമ്മാനിച്ച് ജി.സി.സി ടൂറിസം മന്ത്രിമാരുടെ അഞ്ചാം വാര്‍ഷിക യോഗം. അതിവേഗം വളരുന്ന വിനോദ മേഖലകളുടെ പട്ടികയിലുള്ള റാസല്‍ഖൈമ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വിനോദ തലസ്ഥാന പദവി നിലനിര്‍ത്തുന്നത്.

ടൂറിസം മേഖലയിലെ സംയുക്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രിമാരുടെ വെര്‍ച്വല്‍ മീറ്റ് ചര്‍ച്ച ചെയ്തു. പ്രകൃതി ഒരുക്കിയ ആകര്‍ഷണ കേന്ദ്രങ്ങള്‍ക്കൊപ്പം കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നതാണ് ടൂറിസം ഭൂപടത്തില്‍ റാസല്‍ഖൈമയുടെ പ്രാധാന്യം വര്‍ധിപ്പിച്ചത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ക്കൊപ്പം സഞ്ചാരികള്‍ക്ക് സൗജന്യമായി പരിശോധനകള്‍ വാഗ്ദാനം ചെയ്തതും സന്ദര്‍ശകരുടെ സുരക്ഷിതയിടമായി റാസല്‍ഖൈമയെ ലോകതലത്തില്‍ അടയാളപ്പെടുത്തി.

വേള്‍ഡ് ട്രാവല്‍ ആൻഡ്​​ ടൂറിസം കൗണ്‍സിലി​െൻറ (ഡബ്ല്യു.ടി.ടി.സി) 'സേഫ് ഗാര്‍ഡ് അഷ്വറന്‍സ്' ലേബല്‍ ലഭിച്ച ലോകത്തിലെ ആദ്യ നഗരമെന്ന റാസല്‍ഖൈമയുടെ ഖ്യാതിയും യോഗം വിലയിരുത്തി. റാസല്‍ഖൈമയുടെ ജുല്‍ഫാര്‍, ജസീറ അല്‍ ഹംറ, അല്‍ ശമല്‍, ധയാ പ്രദേശങ്ങള്‍ യുനെസ്കോ ലോക പൈതൃക പട്ടികയിലുള്‍പ്പെടുത്തിയതും ശ്രദ്ധേയമാണ്. ഗള്‍ഫ് ടൂറിസം തലസ്ഥാനമായി റാസല്‍ഖൈമ വീണ്ടും അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് റാക് ടൂറിസം ഡെവലപ്മെൻറ്​ അതോറിറ്റി (ടി.ഡി.എ) സി.ഇ.ഒ റാക്കി ഫിലിപ്സ് പറഞ്ഞു.

ലോകം അഭൂതപൂര്‍വമായ വെല്ലുവിളി നേരിടുന്ന വര്‍ഷത്തിലെ സ്വാഗതാര്‍ഹമായ പ്രഖ്യാപനമണിത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ടി.ഡി.എയുടെ പ്രവര്‍ത്തനങ്ങൾ.

2021ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും റാസല്‍ഖൈമ ഉയരങ്ങളിലേക്കുള്ള യാത്ര തുടരുമെന്നും റാക്കി ഫിലിപ്സ് അഭിപ്രായപ്പെട്ടു. ജൈവിക സമ്പത്ത്, പരമ്പരാഗത അറബ് പൈതൃക കേന്ദ്രങ്ങൾ, സാഹസിക വിനോദ കേന്ദ്രങ്ങൾ, കടല്‍ത്തീരം, അത്യാധുനിക ഹോട്ടലുകൾ, മിതമായ ചെലവ് തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് റാസല്‍ഖൈമയെ പ്രിയങ്കരമാക്കുന്ന ഘടകങ്ങളാണ്.

പൗരാണിക പ്രദേശമായ ജസീറ അല്‍ ഹംറ, സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് വേദിയായ ദയ ഫോര്‍ട്ട്, മ്യൂസിയം, കണ്ടല്‍ക്കാട്, കാര്‍ഷിക പ്രദേശങ്ങള്‍ തുടങ്ങിയവ വിനോദ സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രങ്ങളാണ്. ജൈസ് മലനിരയിലേക്ക് പാത ഒരുക്കിയതും നവീന വിനോദ സൗകര്യങ്ങള്‍ ഒരുക്കിയതും റാസല്‍ഖൈമയുടെ വിനോദ മേഖലയില്‍ വിസ്ഫോടനം സൃഷ്​ടിച്ച ചുവടുവെപ്പാണ്.

1737 മീറ്റര്‍ ഉയരത്തിലുള്ള ജൈസ് മലനിരയും ഇവിടെ സ്ഥാപിച്ച ലോകത്തിലെ നീളമേറിയ സിപ് ലൈനും സാഹസിക വിനോദ സൗകര്യങ്ങളും വിദേശ സഞ്ചാരികളുടെ ഇഷ്​ടകേന്ദ്രമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.