അജ്മാന്‍: യാത്രവിലക്കിനെ തുടർന്ന് സൗദി യാത്ര വഴിമുട്ടിയതോടെ വളാഞ്ചേരി കൊടുമുടി സ്വദേശി മുഹമ്മദ് അനീസിെൻറ ഇപ്പോഴത്തെ ആശ്രയം പെയിൻറ് പണി. സൗദിയിലെ അൽജൗഫ് സകാക്കയില്‍ നാലു ഫര്‍ണിച്ചര്‍ ഷോപ്പുകളുടെ നടത്തിപ്പുകാരനാണ് യാത്രവിലക്കിൽ നാട്ടിൽ കുടുങ്ങിയത്. ഖത്തർ വഴി പ്രവാസികൾ സൗദിയിലേക്ക് എത്തുന്നുണ്ടെങ്കിലും ഒന്നര ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നതാണ് തടസ്സമായി നിൽക്കുന്നത്. നാട്ടിൽ കുടുങ്ങിയതോടെ സൗദിയിലെ സ്ഥാപനങ്ങൾ പൂട്ടിയിട്ടിരിക്കുകയാണ്.
സഹോദരി ഭർത്താവിെൻറ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ ഷോപ്പുകളുടെ നടത്തിപ്പുകാരനാണ് അനീസ്. മൂന്നു വര്‍ഷത്തോളം ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സൗദിയിലെത്തുന്നത്. മഹാമാരിയുടെ തുടക്ക കാലത്ത് ഒരു വിധം പിടിച്ചു നിന്നെങ്കിലും ലോക്ഡൗണും മോശം കച്ചവടവും ഇരുപതോളം പണിക്കാരുണ്ടായിരുന്ന സ്ഥാപനത്തിനെ പ്രതിസന്ധിയിലാക്കി. കാര്യങ്ങള്‍ ശരിയാകുമ്പോള്‍ തിരിച്ചു പോകാം എന്ന് കരുതി ഏപ്രിലില്‍ അനീസ് തല്‍ക്കാലത്തേക്ക് നാട്ടിലേക്ക് പോന്നു.
ഇവിടെ എത്തിയപ്പോഴാണ് തിരിച്ചു പോക്ക് അനന്തമായി നീളുന്ന കാര്യം അറിയുന്നത്. ആളില്ലാത്തതിനാല്‍ സ്ഥാപനവും അനുബന്ധ വാഹനങ്ങളും നിശ്ചലമായി കിടക്കുകയാണ്. തിരിച്ചു ചെന്നിട്ടു വേണം എല്ലാം ശരിയാക്കിയെടുക്കാന്‍. സൗദിക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ തവക്കൽന ആപ്പിൽ രജിസ്റ്റര്‍ ചെയ്ത് Immune vaccinated എന്ന് സ്റ്റാറ്റസ് വരണം. അതിനായി ആരോഗ്യ മന്ത്രാലയത്തിെൻറ സൈറ്റിൽ രേഖകളെല്ലാം അപ്ലോഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ യാത്ര വൈകി.
ഇപ്പോൾ ഖത്തർ വഴി തുറന്നെങ്കിലും താങ്ങാവുന്നതിലപ്പുറമാണ് ചെലവ്. അങ്ങനെയിരിക്കുമ്പോഴാണ് നാട്ടിലെ സുഹൃത്തുക്കള്‍ പെയിൻറിങ് ജോലിക്കു വിളിക്കുന്നത്. ഗള്‍ഫില്‍ പോകുന്നതിന് മുമ്പ് ചെയ്തിരുന്ന ജോലിയായതിനാല്‍ വലിയ ബുദ്ധിമുട്ടും ഉണ്ടായില്ല. നേരെ പണിക്കിറങ്ങി. മാതാപിതാക്കളും ഭാര്യയും മൂന്ന് കുട്ടികളുമുള്ള കുടുംബത്തിെൻറ അത്താണിയായ ഈ ചെറുപ്പക്കാരന്‍ മടുപ്പില്ലാതെ ജീവിതോപാധി തേടി മൂളിപ്പാട്ടും പാടി ചുമരില്‍ ചായം പൂശുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.